-->
പന്തളം: സ്‌കൂള്‍ കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂള്‍ ആരോഗ്യ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.
പന്തളം നഗരസഭ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ സുനിത വേണു പൂഴിക്കാട് സര്‍ക്കാര്‍ യുപി സ്‌കൂളില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ വിഷയാവതരണം നടത്തി.
സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്‌താക്കളാക്കുന്ന പരിപാടിയാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലവും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. കാഞ്ഞിറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ സാജന്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആനി ജോണ്‍, ഡോ. കെ കെ ശ്യാംകുമാര്‍, ഇ മായ, പന്തളം എ.ഇ.ഒ സി.വി സജീവ് , എസ്. എസ്. കെ പ്രകാശ്, ഡോ. ദേവി, സുദര്‍ശന്‍, ശ്രീദേവി നമ്പ്യാര്‍, എം.പി ബിജു കുമാര്‍ , ആര്‍. സജിത്ത് , സി പി ആശ, സി. എ അനിലാകുമാരി, ജയരാജ്, മിനി, തുടങ്ങിയവര്‍ പങ്കെടുത്തു.