-->
കോട്ടയം: പദ്ധതികള്‍ പലത് ആവിഷ്‌കരിച്ചെങ്കിലും പോള ശല്യത്തിനു പരിഹാരമില്ല. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ കുമരകത്തും പോള ശല്യം രൂക്ഷം.
നസ്രത്ത് പള്ളി തോട്ടില്‍ പോള നിറഞ്ഞതോടെ കായലില്‍ പോകുവാന്‍ കഴിയാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. കുമരകത്തെ ചില തോടുകളിലെ പോള തൊഴിലുറപ്പു തൊഴിലാളികള്‍ നീക്കം ചെയ്‌തിട്ടുണ്ട്. പോളശല്യം വിനോദസഞ്ചാര മേഖലയെയും നിശ്‌ചലമാക്കും. കൊടൂരാറും, സമീപ തോടുകളും പോളയില്‍ തിങ്ങി ഞെരുങ്ങി.
മീനച്ചിലാറിന്റെ പ്രധാന കൈവഴിയായ കൊടൂരാറ്റിലെ പോള കയറിയതോടെ വേമ്പനാട്ടു കായലിന്റെ പതനസ്‌ഥാനമായ പഴുക്കാനിലം വരെയുള്ള സ്‌ഥലങ്ങളില്‍ ജനങ്ങള്‍ക്കു ദുരിതമാകും. നഗരസഭാ പരിധിയില്‍ കൊടൂരാര്‍, കോടിമത ചന്തതോട്, കോടിമത ബോട്ട് ജെട്ടി, തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തിലും ആണു പോളയുടെ ശല്യം കൂടുതലുള്ളത്.
പോള ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു ജലഗതാഗതത്തെയാണ്, കോടിമത ആലപ്പുഴ ബോട്ട് സര്‍വീസ് അടക്കം, ജലയാനങ്ങള്‍ പോളയില്‍ കുരുങ്ങി കേടാവുന്നതു പതിവാണ്. ബോട്ടിന്റെ പ്ര?പ്പല്ലറില്‍ പോള കുരുങ്ങിയാല്‍ അതു നീക്കം ചെയ്‌ത ശേഷം മാത്രമേ സര്‍വീസ് തുടരാന്‍ കഴിയു. മത്സ്യബന്ധന തൊഴിലാളികള്‍, കക്ക വാരുന്നവര്‍, പുല്ലുമായി സഞ്ചരിക്കുന്നവര്‍, തുടങ്ങിയവരെയെല്ലാം പോള വലയ്‌ക്കുന്നു.
പോള ശല്യം തീര്‍ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. എട്ടുവര്‍ഷം മുമ്പു ജില്ലാ പഞ്ചായത്ത് പോള വാരല്‍ യന്ത്രം പുറത്തിറക്കിയെങ്കിലും കഴിഞ്ഞ വര്‍ഷം വരെ അതെവിടെയെന്ന് അധികൃതര്‍ക്കും നിശ്‌ചയമുണ്ടായിരുന്നില്ല. പിന്നീട് യന്ത്രം കണ്ടെത്തിയെങ്കിലും പ്രവര്‍ത്ത രഹിതമായ നലയിലായിരുന്നു. ഒരു യന്ത്രം കൊണ്ട് ഒന്നും നടക്കില്ലെന്നു ജനങ്ങള്‍ പറയുന്നു.