-->
കോട്ടയം: തിരുവല്ലയില്‍ ഗുണ്ടാ പിരിവു നല്‍കാത്തതില്‍ സ്‌പാ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്‌തതിന്റെ ഞെട്ടലിലാണു നാട്. ജില്ലയുടെ തൊട്ടടുത്ത പ്രദേശത്താണു സംഭവം നടന്നത് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കാപ്പാ കേസ് പ്രതികളാണു കുറ്റകൃത്യം നടത്തിയത്. ജില്ലയിലും നടക്കുന്ന നടക്കുന്ന പല കേസുകളിലും പിടിയിലാകുന്നതു മുന്‍പു കാപ്പാ കേസില്‍ നാടുകടത്തപ്പെട്ട പ്രതികളാണ്.
ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതു കാപ്പകൊണ്ടൊന്നും ഗുണ്ടകളെ ഒതുക്കാന്‍ പോലീസിനു സാധിക്കില്ലെന്നാണ്. ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്ന വന്‍ സംഘങ്ങള്‍ ഒതുങ്ങിയെങ്കിലും പുതിയ സംഘങ്ങളാണ് ഇപ്പോള്‍ ക്വട്ടേഷന്‍- ലഹരി പ്രവൃത്തികള്‍ നിയന്ത്രിക്കുന്നത്. ഇപ്പോള്‍ ഗുണ്ടകള്‍ ഇപ്പോള്‍ ലഹിക്കച്ചവടത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലഹരിക്കായി നിരവധി യുവാക്കള്‍ ഗുണ്ടാ സംഘങ്ങളില്‍ വന്നുപെടും. ഇവരെക്കൊണ്ടാണു ഗുണ്ടാ നേതാക്കള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നത്. പണവും ലഹരിയും കിട്ടുമെന്നതിനാല്‍ ഇവര്‍ എന്തിനും തയാറാണ്.
എല്ലാത്തിനും പരിഹാരമായി പോലീസ് കാണുന്നതു കാപ്പ നിയമത്തെയാണ്. കാപ്പാ ചുമത്തി ജില്ല കടത്തിയാല്‍ ഗുണ്ടകള്‍ക്കു പ്രാദേശികമായി ഉണ്ടായിരുന്ന ബന്ധം നഷ്‌ടപ്പെടും ഗുണ്ടകള്‍ നന്നാവുമെന്നും പോലീസ് കരുതുന്നു. എന്നാല്‍, നാടുകടത്തല്‍ കാലാവധി കഴിഞ്ഞു തിരികെയെത്തുന്ന ഗുണ്ടകള്‍ പൂര്‍വാധികം ശക്‌തിയോടെ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ തുടരുകയും ചെയ്യും. അതേസമയം, കാപ്പ ചുമത്തുന്നതിലൂടെ വിലയ മാറ്റം ഉണ്ടായെന്നാണു പോലീസ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണു കേരള ആന്റി സോഷ്യല്‍ ആക്‌ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട് അഥവാ കാപ്പ. 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്‌ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തി. കാപ്പ നിയമത്തിന്റെ അടിസ്‌ഥാനത്തില്‍ അറസ്‌റ്റിലാകുന്നവരുടെ കരുതല്‍ തടവു കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ടു വിഭാഗമായി പരിഗണിച്ചാണു തടവു ശിക്ഷ തീരുമാനിക്കുന്നത്. മാത്രമല്ല, ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ചു കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്.
അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്കു നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്‌കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണു നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണു ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്‌ക്കുന്നത്.
പൊതുസുരക്ഷയ്‌ക്കും സമാധാനത്തിനും ഭംഗം വരുത്തുന്നവര്‍, അറിയപ്പെടുന്ന ഗുണ്ടകള്‍, അനധികൃത മദ്യക്കച്ചവടക്കാര്‍, കടത്തുകാര്‍, വില്‍പനക്കാര്‍, ഇവരുടെ അടുത്ത ബന്ധുക്കള്‍, വ്യാജ നോട്ടു നിര്‍മാതാക്കള്‍, വിതരണക്കാര്‍, മണല്‍ മാഫിയ, വ്യാജ സിഡി നിര്‍മാതാക്കള്‍, വിതരണക്കാര്‍, ലഹരി മരുന്ന് ഉല്‍പാദകര്‍, കടത്തുകാര്‍, വില്‍പനക്കാര്‍ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. അതേസമയം, എന്തുകൊണ്ടു കാപ്പാ കേസ് പ്രതികള്‍ വീണ്ടും കുറ്റകൃത്യത്തിനു പിടിക്കപ്പെടുന്നു എന്ന ചോദ്യത്തിനു പോലീസിനു മറുപടിയില്ല.
കാപ്പ ചുമത്തിയിട്ടും ഭൂരിഭാഗം പേരും കുറ്റകൃത്യങ്ങളില്‍ നിന്നു പിന്തിരിയാന്‍ തയാറല്ലെന്നുള്ളതാണു വസ്‌തുത. ജില്ലയില്‍ ആഴ്‌ചയില്‍ ഒന്ന് എന്ന രീതിയില്‍, ക്രിമിനലുകളെ കാപ്പ ചുമത്തി അകത്തിടുകയും നാടുകടത്തുകയും ചെയ്യുന്നുണ്ട്. ഗുണ്ടാ, ക്രിമിനല്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണു പോലീസിനെയും ഭയപ്പെടുത്തുന്നത്. ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍,ചങ്ങനാശേരി സ്‌റ്റേഷന്‍ പരിധിയിലാണു ജില്ലയില്‍ ഏറ്റവും കുടുതല്‍ ഗുണ്ടകളുള്ളത്. മുന്‍പു ചില പോലീസുകാര്‍ക്ക് ഇവരുമായി ചങ്ങാത്തമുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.