-->
നെടുങ്കണ്ടം: ആരോഗ്യവകുപ്പിന്റെ വൈബ് ഫോര്‍ വെല്‍നസ് പ്രോഗ്രാമിന് പാമ്പാടുംപാറ ഹെല്‍ത്ത് ബ്ലോക്കില്‍ തുടക്കമായി. ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ നല്ല ഭക്ഷണം, മതിയായ വ്യായാമം, നല്ല ഉറക്കം, ശരിയായ പരിചരണം എന്നീ നാല് പ്രധാന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പുതുതലമുറയ്‌ക്ക് ഭീഷണിയായേക്കാവുന്ന ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കുകയാണ് വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ സന്ദേശ റാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. നെടുങ്കണ്ടം സെന്റ് സെബാസ്‌റ്റ്യന്‍സ് ഗ്രൗണ്ടില്‍ നിന്നുമാരംഭിച്ച ആരോഗ്യ സന്ദേശ റാലി നെടുങ്കണ്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജര്‍ലിന്‍ വി. സ്‌കറിയ ഫ്‌ളാഗ് ഓഫ് ചെയ്‌തു. റാലിയില്‍ മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
ആരോഗ്യ സന്ദേശം നല്‍കി വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സേ്‌റ്റഡിയത്തില്‍ നടന്ന ഫുഡ്‌ബോള്‍ മത്സരം എം.എം. മണി എം.എല്‍.എ ഗോളടിച്ച് ഉദ്‌ഘാടനം ചെയ്‌തു. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ വൈബ് ഫോര്‍ വെല്‍നസ് ബ്ലോക്ക് തല ഉദ്‌ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു.
നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.ഡിയും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗീസ് സെമിനാര്‍ നയിച്ചു.
ഡി.പി.എം ഡോ. ഇ.കെ. ഖയസ്, ഡോ. എം. മിലി, ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അനിറ്റ ടോം, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ആര്‍. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.