Saturday, March 14, 2026 Last Updated 36 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

നഗര-ഗ്രാമവാസികള്‍ക്ക്‌ ദുരിതം സൃഷ്‌ടിച്ച്‌ വൈദ്യുതി മുടക്കവും വോള്‍ട്ടേജ്‌ വ്യതിയാനവും

തൊടുപുഴ: വേനല്‍ച്ചൂട്‌ ഏറിവരുന്നതോടെ നഗരവാസികള്‍ക്കു ദുരിതം സൃഷ്‌ടിച്ച്‌ വൈദ്യുതിമുടക്കത്തിനു പുറമെ വോള്‍ട്ടേജ്‌ വ്യതിയാനവും. മഴക്കാലം മാറി വേനല്‍ തുടങ്ങിയിട്ടും ജില്ലയില്‍ വൈദ്യുതി മുടങ്ങുന്നതിനു മാത്രം യാതൊരു മുടക്കവുമില്ല. തുടര്‍ച്ചയായി രാപ്പകല്‍ ഭേദമന്യേ വൈദ്യുതി മുടങ്ങുന്നതു മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
വേനല്‍ക്കാലം ആരംഭിച്ചതോടെ വൈദ്യുതി മുടക്കം പതിവിലും കൂടി. രാത്രി കാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നതു മൂലം വീടുകളില്‍ ചൂടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്‌. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ്‌ തിരികെയെത്തുന്നത്‌. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം നിലയ്‌ക്കുന്നതിന്‌ പിന്നില്‍ അനൗദ്യോഗിക പവര്‍കട്ടാണെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഗ്രാമീണ മേഖലകളിലാണ്‌ സ്‌ഥിതി രൂക്ഷം. നഗരത്തിലും ഒട്ടും കുറവല്ല. ഇടവിട്ടുള്ള വൈദ്യുതി മുടക്കം ടൗണിലെ പല സ്‌ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ സംബന്ധിച്ച്‌ ഉദ്യോഗസ്‌ഥരോട്‌ വിളിച്ചു ചോദിച്ചാലും കൃത്യമായ മറുപടിയില്ല. തൊടുപുഴ കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസില്‍ സാധാരാണ ഫോണ്‍ വിളിച്ചാല്‍ എടുക്കാറുണ്ടെങ്കിലും വൈദ്യുതിമുടങ്ങിയാല്‍ പിന്നെ വിളിച്ചാല്‍ കിട്ടില്ലെന്ന്‌ നാട്ടുകാര്‍ പരാതി പറയുന്നു.
വേനല്‍ കടുത്തതോടെ രാത്രിയും പകലും കൊടും ചൂടാണ്‌ ജില്ലയിലെമ്പാടും അനുഭവപ്പെടുന്നത്‌. ഫാനോ എ.സിയോ ഇല്ലാതെ വീടുകളിലോ ഓഫീസുകളിലോ കഴിയാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. ഇതിനിടെ പതിവായി വൈദ്യുതി മുടങ്ങുന്നതിനാല്‍ ജനാലകള്‍ തുറന്നിട്ടാണ്‌ പലരുടെയും അന്തിയുറക്കം. ജനാലകള്‍ തുറന്നിടുന്നത്‌ മൂലം കൊതുകു ശല്യവും രൂക്ഷമാണ്‌. അര്‍ധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീണ്ടു നില്‍ക്കും. അതിനാല്‍ ചൂട്‌ സഹിച്ചു കഴിയുകയേ നിവൃത്തിയുള്ളൂ. വീടുകളില്‍ വെള്ളം പമ്പു ചെയ്യുന്ന മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകാത്തതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി മുടക്കത്തിന്‌ പുറമെ വോള്‍ട്ടേജ്‌ വ്യതിയാനവും ഉപഭോക്‌താക്കളെ വലയ്‌ക്കുന്നുണ്ട്‌. രാത്രിയില്‍ പതിവായി വോള്‍ട്ടേജ്‌ കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ ഇലക്രേ്‌ടാണിക്‌സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയാണെന്നും ജനങ്ങള്‍ പറയുന്നു. ദിനംപ്രതിയുള്ള വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.
വലിയ സ്‌ഥാപനങ്ങളില്‍ ജനറേറ്ററും മറ്റു സംവിധാനങ്ങളും ഉണ്ടെങ്കിലും ചെറുകിട വ്യാപാര സ്‌ഥാപനങ്ങളില്‍ ഇത്തരം സംവിധാനങ്ങളില്ല. വൈദ്യുതി മുടക്കം ചെറുകിട വ്യവസായ യൂണിറ്റുകളുടെയും വ്യാപാര സ്‌ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വൈദ്യുതിയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സ്‌ഥാപനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, സ്‌റ്റുഡിയോ, കോള്‍ഡ്‌ സേ്‌റ്റാറേജുകള്‍, ഐസ്‌ക്രീം-ജൂസ്‌ പാര്‍ലറുകള്‍, ഹോട്ടലുകള്‍, പ്രിന്റിംഗ്‌ പ്രസ്‌, ഫോട്ടോസ്‌റ്റാറ്റ്‌ സ്‌ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സ്‌ഥാപനങ്ങള്‍ വൈദ്യുതി മുടക്കം മൂലം പ്രതിസന്ധിയിലാണ്‌.
വേനലിന്റെ തുടക്കത്തില്‍ തന്നെ വൈദ്യുതി മുടക്കം മൂലം ജനങ്ങള്‍ ദുരിതത്തിലായിട്ടും കെ.എസ്‌.ഇ.ബി അധികൃതര്‍ക്ക്‌ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണെന്നാണ്‌ ആക്ഷേപം. കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസുകളുടെ കീഴില്‍ വാര്‍ഷിക അറ്റകുറ്റപ്പണികളുടെ പേരില്‍ പകല്‍ വൈദ്യുതി മുടങ്ങുമെന്ന്‌ അറിയിപ്പുണ്ടായിരുന്നു. ഇത്തരം ജോലികളെല്ലാം തന്നെ നാളുകള്‍ക്ക്‌ മുമ്പെ പൂര്‍ത്തിയായതാണ്‌. കാറ്റും മഴയും ഇല്ലാത്തതിനാല്‍ ഇതു മൂലമുള്ള ലൈന്‍ തകരാറുകളും നിലവിലില്ല. എന്നിട്ടും വൈദ്യുതി മുടക്കത്തിന്‌ യാതൊരു കുറവുമില്ലെന്ന്‌ ജനങ്ങള്‍ പറയുന്നു.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW