-->
കട്ടപ്പന: കടുത്ത വേനലില്‍ കാടുകള്‍ കരിഞ്ഞുണങ്ങിയതോടെ കാട്ടുതീ ഭീതിയില്‍ ഹൈറേഞ്ച് മേഖല. വേനല്‍മഴ കൂടി മാറിനില്‍ക്കുന്നത് കാട്ടുതീ വ്യാപകമാകാന്‍ കാരണമാകുന്നുണ്ട്. ഫയര്‍ ഫോഴ്‌സ് സംഘം വനാതിര്‍ത്തികളിലും കുന്നുകളുടെ താഴ്‌വാരങ്ങളിലും ബോര്‍ഡര്‍ തെളിച്ച് തീയിടുന്നുണ്ടെങ്കിലും പലയിടത്തും കാട്ടുതീ വലിയ നാശനഷ്‌ടം വരുത്തിവയ്‌ക്കുകയാണ്.
കഴിഞ്ഞ ദിവസം കരിമ്പന്‍, തടിയമ്പാട്, വാഴത്തോപ്പ് എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമിയും സര്‍ക്കാര്‍ ഭൂമിയുമാണ് കത്തിനശിച്ചത്. വാഴത്തോപ്പ് ഭാഗത്തേക്ക് കാട്ടുതീ പടര്‍ന്നെങ്കിലും ഇടുക്കി അഗ്നിരക്ഷാസേനയുടെ ഇടപെടലില്‍ കാട്ടുതീ തടയാന്‍ കഴിഞ്ഞു. കഞ്ഞിക്കുഴി മാക്കുപാറയില്‍ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങിലും തീപിടുത്തമുണ്ടായി. സാധാരണയായി രണ്ടു ഫയര്‍ എന്‍ജിനുകളില്‍ കൂടുതല്‍ അഗ്നിരക്ഷാനിലയങ്ങളില്‍ കാണാറില്ല എന്നതിനാല്‍ ഒരേ സമയം പല സ്‌ഥലങ്ങളില്‍ തീപിടുത്തമുണ്ടായത് അഗ്നിരക്ഷാസേനയെയും വലച്ചു.
സ്വാഭാവിക രീതിയില്‍ ഉണ്ടാകുന്ന കാട്ടുതീ ഹൈറേഞ്ചിന്റെ മലനിരകളില്‍ അപൂര്‍വമാണെന്ന് അഗ്നിരക്ഷാസേന പറയുന്നു. പലപ്പോഴും പുരയിടങ്ങളിലെ പച്ചുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. തീ കത്തിച്ചശേഷം പൂര്‍ണമായും കെടും മുമ്പ് കത്തിച്ചവര്‍ സ്‌ഥലത്തുനിന്നും മടങ്ങും. പിന്നീട് ശക്‌തമായ കാറ്റില്‍ കെടാതെ കിടക്കുന്ന കനലുകള്‍ ആളിക്കത്തും.
ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ കത്തിച്ച ശേഷം വെള്ളമൊഴിച്ച് പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തണം. ഉച്ച സമയത്ത് തീയിടുന്നത് പൂര്‍ണമായും ഒഴിവാക്കണം. വലിയ തോട്ടങ്ങളില്‍ തോട്ടം ഉടമകള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ടു മീറ്റര്‍ വീതിയില്‍ ഫയര്‍ ലൈന്‍ തെളിക്കണം. സ്‌ഥിരമായി തീപിടുത്തമുണ്ടാകുന്ന പഞ്ചായത്തുകള്‍ അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടാല്‍ വേണ്ട നിര്‍ദേശവും സഹായവും നല്‍കാന്‍ അതാത് പ്രദേശത്തെ അഗ്നിരക്ഷാസേന ഉദ്യോഗസ്‌ഥര്‍ തയാറാണ്. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന പ്രദേശത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഫയര്‍ലൈനുകള്‍ തെളിക്കുന്നത് ഇത്തരത്തില്‍ തീപടരാതിരിക്കാന്‍ സഹായിക്കും.
മൂന്നുങ്കവയലില്‍ തീപിടിത്തം
മൂലമറ്റം: അറക്കുളം പഞ്ചായത്തിലെ മൂന്നുങ്കവയല്‍ എന്ന സ്‌ഥലത്ത് തീ പിടിച്ചത് മൂലമറ്റം അഗ്നിരക്ഷാ സേന അണച്ചു. വെള്ളിയാഴ്‌ച രാത്രിയായിരുന്നു തീപിടുത്തം. പുഴയോടു ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് തീ പടരുകയായിരുന്നു. സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ കൂട്ടിമുട്ടി തീപ്പൊരി വീണതാണെന്ന് സംശയിക്കുന്നു. സംഭവസ്‌ഥലത്തേക്ക് അഗ്നിരക്ഷാ സേനയുടെ വലിയ വാഹനം എത്തിച്ചേരാന്‍ പറ്റാത്ത ഇടുങ്ങിയ വഴിയായതിനാല്‍ ജീപ്പിലാണ് തീപിടുത്തമുണ്ടായ സ്‌ഥലത്ത് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് നീ തല്ലിക്കൊടുത്തുകയായിരുന്നു. ഏകദേശം പത്ത് സെന്റ് സ്‌ഥലത്താണ് തീ പടര്‍ന്നത്. സമീപത്തു തന്നെ സ്വകാര്യ വ്യക്‌തിയുടെ വീടും, കൂടാതെ ഉണങ്ങിയ പുല്ലുകളും മറ്റും നിറഞ്ഞ പറമ്പും ഉണ്ടായിരുന്നെങ്കിലും അവിടേക്കൊന്നും തീ പടരാതെ സംരക്ഷിക്കാന്‍ അഗ്നി രക്ഷാ സേനക്ക് സാധിച്ചു.