Saturday, March 14, 2026 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

ദേശീയപാതയിലെ നിര്‍മാണ നിരോധനം: സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ കാണും

അടിമാലി: ദേശീയപാത 85 ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്ററിലെ നിര്‍മാണ നിരോധനം പൂര്‍ണമായും നീക്കാന്‍ 11 ന്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ അടിമാലിയില്‍ അഡ്വ. എ. രാജ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്‌, കേരള കോണ്‍ഗസ്‌-എം ജില്ലാ പ്രസിഡന്റ്‌ ജോസ്‌ പാലത്തിനാല്‍, സി.പി.ഐ സംസ്‌ഥാന കൗണ്‍സിലംഗം ജയ മധു, ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ്‌ കോയ അമ്പാട്ട്‌, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ പി.എം ബേബി, സമിതി ജില്ലാ പ്രസിഡന്റ്‌ റോജി പോള്‍, വിവിധ നേതാക്കളായ ഷൈലജ സുരേന്ദ്രന, അഡ്വ എം.എം മാത്യു, ടി.കെ ഷാജി, കെ.എം ഷാജി, വി.എ കുഞ്ഞുമോന്‍, പി.പി ബേബി, ആര്‍ ഈശ്വരന്‍, ചാണ്ടി പി. അലക്‌സാണ്ടര്‍, ഡയസ്‌ പുല്ലന്‍, സാന്റി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തിനുശേഷം സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസും അഡ്വ. എ രാജ എം.എല്‍.എ യും ഡി.എഫ്‌.ഒ യുമായി കാര്യങ്ങള്‍ ചര്‍ച്ച നടത്തി. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന്‌ വനംവകുപ്പ്‌ തടസം നില്‍ക്കില്ലെന്ന്‌ ഉറപ്പ്‌ നല്‍കി. ഇതിനെ തുടര്‍ന്ന്‌ തിങ്കള്‍ മുതല്‍ ഈ ഭാഗത്തെ നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി. ചീഫ്‌ സെക്രട്ടറി നല്‍കിയ സത്യവാങ്ങ്‌മൂലവും തുടര്‍ന്നുണ്ടായ കോടതി വിധിയും അതിലെ അവ്യക്‌തതയും നീക്കി നിര്‍മാണം വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.
തൊടുപുഴ സ്വദേശി എം.എന്‍ ജയചന്ദ്രന്‍ നല്‍കിയ പരാതിയാണ്‌ നിര്‍മാണ നിരോധനത്തിലേക്കും കോടതിയിലേക്കും കാര്യങ്ങള്‍ എത്തിച്ചത്‌. തുടര്‍ന്ന്‌ നടന്ന ജനകീയ തൊടുപുഴ സ്വദേശി പ്രക്ഷോഭങ്ങളും എല്‍.ഡി.എഫ്‌ ജില്ലാ കമ്മിറ്റിയും നടത്തിയ ഇടപെടലുകളാണ്‌ വിശദമായ സത്യവാങ്ങ്‌മൂലം ചീഫ്‌ സെക്രട്ടറി നല്‍കിയതെന്ന്‌ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒകേ്‌ടാബര്‍ 13 നാണ്‌ വിശദമായ സത്യവാങ്‌മൂലം നല്‍കിയത്‌.
തുടര്‍ന്ന്‌ വിശദമായി വാദംകേട്ടശേഷം ഹൈക്കോടതി ഒകേ്‌ടാബര്‍ 24ന്‌ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചു.
റോഡ്‌ വീതി കൂട്ടുന്നതിന്‌ ആവശ്യമായ പ്രദേശത്തിന്റെ വിശദാംശങ്ങളും അനുബന്ധ രേഖകളും ഉള്‍പ്പെടുന്ന വിശദാംശങ്ങള്‍ എന്‍.എച്ച്‌.എ.ഐ ചീഫ്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കണം. ഇത്‌ ലഭിച്ചതിനുശേഷം ചീഫ്‌ സെക്രട്ടറി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി കേസിലെ പരാതിക്കാരനും വനം വകുപ്പും ഹാജരാക്കുന്ന മാപ്പിന്റെയും മറ്റ്‌ രേഖകളുടെയും അടിസ്‌ഥാനത്തില്‍ ഭൂമിയുടെ സ്‌റ്റാറ്റസ്‌ സംബന്ധിച്ച്‌, വനമാണോ അല്ലയോ എന്നത്‌ സംബന്ധിച്ച്‌, വ്യക്‌തതയോടു കൂടിയ ഉത്തരവ്‌ കാലതാമസം കൂടാതെ പുറപ്പെടുവിക്കണം. ഈ ഉത്തരവ്‌ ഹൈക്കോടതിയുടെ അന്തിമ വിധിക്ക്‌ വിധേയമായിരിക്കും.
സംസ്‌ഥാന സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറി മുഖാന്തിരം റോഡ്‌ നിര്‍മ്മിക്കുന്നതിന്‌ ആവശ്യമായ ഭൂമി വനഭൂമിയല്ല എന്ന്‌ പ്രഖ്യാപിക്കുന്ന പക്ഷം വനം റവന്യൂ വകുപ്പുകളുടെ സംയുക്‌ത പരിശോധന നടത്തുകയും ഭൂമി അളന്നുതിരിക്കുകയും മുറിച്ചു മാറ്റേണ്ട മരങ്ങള്‍ കണ്ടെത്തുകയും ചെയ്യണം.
ഇപ്രകാരം അളന്നു തിരിച്ച്‌ ഭൂമിയും കണ്ടെത്തിയ മരങ്ങളും അല്ലാതെ മറ്റൊരു പ്രദേശമോ മരങ്ങളോ റോഡ്‌ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. മണ്ണിടിച്ചില്‍, പരിസ്‌ഥിതി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചീഫ്‌ സെക്രട്ടറി നല്‍കണം.
ചീഫ്‌ സെക്രട്ടറി പാസാക്കുന്ന ഓര്‍ഡറിന്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തുന്നില്ല എന്ന്‌ എന്‍.എച്ച്‌.എ.ഐ പ്രോജക്‌ട് ഡയറക്‌ടര്‍ ഉറപ്പുവരുത്തണം.
തുടര്‍ന്ന്‌ കോടതി ചില കാര്യങ്ങള്‍ കൂടി വ്യക്‌തമാക്കി. പ്രത്യേക വസ്‌തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്‌ഥാനത്തില്‍ പാസാക്കുന്ന ഈ ഓര്‍ഡര്‍ റോഡ്‌ വീതി കൂട്ടുന്നതിന്‌ ആവശ്യമായ ഭാഗത്തിന്‌ മാത്രം ബാധകം ആയിരിക്കുന്നതും 1938 അഗസറ്റ്‌ 2 ലെ വിജ്‌ഞാപനത്തില്‍ പരാമര്‍ശിക്കുന്ന പ്രദേശങ്ങള്‍ വനഭൂമി അല്ല എന്ന്‌ പ്രഖ്യാപിക്കുന്നില്ല എന്ന്‌ വ്യക്‌തമാക്കി. കൂടാതെ കേസ്‌ അന്തിമമായി വാദം കേള്‍ക്കുമ്പോള്‍ റോഡ്‌ നിര്‍മ്മിച്ച ഭാഗം വനമാണെന്ന്‌ കണ്ടാല്‍ 1980ലെ 69 നമ്പര്‍ നിയമം അനുശാസിക്കുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. എം.എന്‍ ജയചന്ദ്രന്‍ ചീഫ്‌ സെക്രട്ടറിയുടെ സത്യവാങ്‌മൂലത്തിന്‌ മറുപടിയായി ഹാജരാക്കിയ രേഖകള്‍ ഹൈക്കോടതി ഉത്തരവില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്‌. ഇതുകൂടി പരിഗണിച്ച്‌ മാത്രമേ ചീഫ്‌ സെക്രട്ടറിക്ക്‌ ഉത്തരവിറക്കാനാവുകയുള്ളൂവെന്ന്‌ എല്‍.ഡി.എഫ്‌ നേതാക്കള്‍ പറഞ്ഞു. ഏതെങ്കിലും ഘട്ടത്തില്‍ വനമല്ലെന്ന്‌ ഉത്തരവിട്ട ഭൂമി വനമാണെന്ന്‌ കണ്ടെത്തുന്ന പക്ഷം 1980ലെ വനസംരക്ഷണ നിയമം അനുശാസിക്കുന്ന ശിക്ഷ നടപടികള്‍ക്ക്‌ ചീഫ്‌ സെക്രട്ടറി വിധേയനാകേണ്ടിവരുമെന്ന്‌ ഹൈക്കോടതി ഉത്തരവില്‍ വ്യക്‌തമാക്കിയ സാഹചര്യവും നില നില്‍ക്കൂകയാണ്‌.
ഈ സാഹചര്യത്തില്‍ ഇതിന്‌ വ്യക്‌തത വരുത്തുന്നതിന്‌ സര്‍ക്കാര്‍ റവന്യൂ, വനം, പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും രാഷ്ര്‌ടീയ ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ വിട്ടുനിന്നു. പ്രശ്‌നത്തിന്‌ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഈ മാസം 14ന്‌ ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നു.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW