Sunday, March 15, 2026 Last Updated 54 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.01 AM

തൃപ്പൂണിത്തുറയില്‍ യു.ഡി.എഫിന്‌ പുതുമുഖം?

കൊച്ചി: ജില്ലയില്‍ യു.ഡി.എഫിന്റെ കുത്തക സീറ്റെന്ന ഖ്യാതിയുള്ള തൃപ്പൂണിത്തുറയില്‍ സിറ്റിങ്‌ എം.എല്‍.എ. കെ. ബാബു മത്സര രംഗത്തു നിന്ന്‌ മാറിയാല്‍ പുതുമുഖം മത്സര രംഗത്തേക്കുവരുമോ എന്ന്‌ ഉറ്റുനോക്കുകയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. ഒരിക്കല്‍ മാത്രമാണ്‌ കെ.ബാബു തൃപ്പൂണിത്തുറയില്‍ പരാജയമടഞ്ഞത്‌. എം.സ്വരാജ്‌ ആയിരുന്നു ആ വിജയി.
2016 ല്‍ ആയിരുന്നു ബാബു തോല്‍വി ഏറ്റുവാങ്ങിയത്‌. ഇക്കുറി മത്സരിക്കാനില്ലെന്ന്‌ നേതൃത്വത്തെ ബാബു അറിയിച്ചെന്നാണ്‌ പുറത്തുവരുന്നത്‌.
ഇതേ തുടര്‍ന്നാണ്‌ പുതിയ സ്‌ഥാനാര്‍ഥിക്കായി നീക്കങ്ങള്‍ സജീവമാക്കിയത്‌. സര്‍വസമ്മതനായ സ്‌ഥാനാര്‍ഥിക്കുവേണ്ടിയാണ്‌ യു.ഡി.എഫ്‌. ഇപ്പോള്‍ ശ്രമിക്കുന്നത്‌. മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധവും സാമുദായിക പിന്തുണയും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.
സിനിമാ താരം മുതല്‍ രാഷ്‌ട്രീയ സാമുദായ പ്രമുഖര്‍ അടക്കമുള്ള പുതിയതും പരിചിതവുമായി നിരവധി പേരുകള്‍ തൃപ്പൂണിത്തുറയിലേക്ക്‌ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌.
സാമൂഹിക മാധ്യമങ്ങള്‍ പലരേയും ഇതിനകം സ്‌ഥാനാര്‍ഥികളാക്കി അവതരിപ്പിച്ച്‌ മത്സരമാരംഭിക്കുകയും ചെയ്‌തു. കോണ്‍ഗ്രസുകാരനും നടനും അവതാരകനുമൊക്കെയായ രമേഷ്‌ പിഷാരടി താരപരിവേഷത്തോടെ രംഗത്തുണ്ട്‌. കോണ്‍ഗ്രസ്‌ നേതാക്കളുമായുള്ള അടുത്തബന്ധമുള്ള പിഷാരടി മുന്‍ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ പ്രചാരകനുമായിരുന്നു. മണ്ഡലത്തിനു പുറത്തുനിന്നുള്ള വ്യക്‌തിയാണെന്നതും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുമായി അടുത്തബന്ധമില്ലെന്നുമുള്ളതാണ്‌ പ്രതികൂല ഘടകം.
കോണ്‍ഗ്രസ്‌ പ്രാദേശിക നേതാക്കളായ പി.എസ്‌.ബാബുറാം, രാജു പി. നായര്‍, കോണ്‍ഗ്രസ്‌ ഉന്നതാധികാരി സമിതി അംഗം അജയ്‌ തറയില്‍, മരട്‌ മുന്‍ മുനിസപ്പല്‍ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍ എന്നിങ്ങനെ പല പേരുകളും ഉയര്‍ന്നിട്ടുണ്ട്‌. മണ്ഡലത്തിലെ പൊതുസ്വീകാര്യതയാണ്‌ ബാബുറാമിനെ ശ്രദ്ധേയനാക്കുന്നത്‌.
ബ്‌ളോക്ക്‌ പഞ്ചായത്ത്‌ അംഗവും പ്രതിപക്ഷ നേതാവുമായി വി.ഡി.സതീശനുമായി നല്ല അടുപ്പവുമുള്ള വ്യക്‌തിയായ രാജു പി. നായരാണ്‌ പട്ടികയിലെ മറ്റൊരു പ്രമുഖന്‍.
തലമുതിര്‍ന്നനേതാവായ അജയ്‌ തറയിലിന്‌ പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുണ്ട്‌. സംസ്‌ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവാണെന്നതും സാധ്യതകൂട്ടുന്നു. എന്നാല്‍, ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ ഭരണപക്ഷം ആരോപണമുനയില്‍ നിര്‍ത്തിയത്‌ വിജയസാധ്യത മങ്ങിച്ചേക്കുമെന്ന്‌ അഭിപ്രായവും ഉയര്‍ത്തിയിട്ടുണ്ട്‌. ഗ്രൂപ്പ്‌ സമവാക്യങ്ങള്‍, ജയസാധ്യത എന്നിവ പോലെ തന്നെ സിറ്റിങ്‌ എം.എല്‍.എയും മുന്‍മന്ത്രിയുമായ കെ. ബാബുവിന്റെ താല്‍പര്യംകൂടി കണക്കിലെടുത്താകും അന്തിമമായി സ്‌ഥാനാര്‍ഥിയെ നിര്‍ണയിക്കുക. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ഭരണം പിടിച്ച്‌ ഞെട്ടിച്ച ബി.ജെ.പിയും രണ്ടാംസ്‌ഥാനത്തുള്ള ഇടതുമുന്നണിയും കരുത്തരായ സ്‌ഥാനാര്‍ഥികളെ തന്നെ രംഗത്തിറക്കി ത്രികോണ മത്സരത്തിലേക്കു കൊട്ടാരനഗരിയെ കൊണ്ടുവന്നെത്തിക്കുമെന്നാണ്‌ ശക്‌തമായ സൂചനകള്‍.

Ads by Google
Advertisement
Sunday 08 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW