-->
ചേര്‍ത്തല: കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് പോറ്റിയെ ശബരിമലയില്‍ കയറ്റിയതെന്നും കോണ്‍ഗ്രസാണ് ഇതിനു കൂട്ടുനിന്നതെന്നും ഇതു സംബന്ധിച്ച തെളിവുകളാണു പുറത്തുവരുന്നതെന്നും സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എല്‍.ഡി.എഫ് ജനകീയ മുന്നേറ്റ യാത്രക്ക് ചേര്‍ത്തല മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ എസ്.ഐ. ടി ചോദ്യം ചെയ്‌തതോടെ കോണ്‍ഗ്ര സിന്റെ പലരും കുടുങ്ങുമെന്ന സ്‌ഥിതിയാണ്. ശബരിമലയിലെ സ്വര്‍ണം അപഹരിച്ചവര്‍ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കും. ഇത് എല്‍.ഡി.എഫിന്റെ നയമാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇങ്ങനെ പറയാന്‍ കഴിയില്ല. ഇതാണ് എല്‍.ഡി.എഫും യു.ഡി.എഫ് തമ്മിലുള്ള വ്യത്യാസം. എല്‍.ഡി.എഫ് ഒരിടത്തും തലതാഴ്‌ത്താതെ മുന്നേറി സംസ്‌ഥാനത്ത് മൂന്നാം തവണയും അധികാര ത്തിലെത്തും. കോണ്‍ഗ്രസും ബി.ജെ.പിയും എല്‍.ഡി.എഫിനെതിരെ ഒരുമിച്ച് നിന്നു പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.
ബി.ജെ.പി പറയുന്നതു തന്നെയാണ് കോണ്‍ഗ്രസ് ഏറ്റുപറയുന്നത്. എല്‍.ഡി.എഫ് തുടര്‍ന്നും അധികാരത്തില്‍ വന്നില്ലെങ്കില്‍ കേരളം ഇരുണ്ട കാലത്തേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
എ.എം.ആരിഫ് അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ്, സി.എസ്. സുജാത, എം.സ്വരാജ്, കെ.പ്രസാദ്, ആര്‍. നാസര്‍, ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോന്‍, സി.ബി. ചന്ദ്രബാബു, വി.ടി. ജോസഫ്, എന്‍ ആര്‍ ബാബു രാജ്, എസ്.സോബിന്‍, ബി.വിനോദ്, ബി.സലിം, എം.സി. സിദ്ധാര്‍ഥന്‍, കെ.ബി. ബിമല്‍ റോയ്. വി.ജി. മോഹനന്‍, എസ്. രാധാകൃഷ്‌ണന്‍ എന്നിവര്‍ പങ്കെടുത്തു.