Sunday, March 15, 2026 Last Updated 9 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

ആലപ്പുഴയിലേക്ക്‌ ശ്രദ്ധയൂന്നി മുന്നണി നേതൃത്വങ്ങള്‍

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിന്‌ അരങ്ങൊരുങ്ങവേ ആലപ്പുഴയിലേക്ക്‌ ശ്രദ്ധയൂന്നി മുന്നണി നേതൃത്വങ്ങള്‍. പരമ്പരാഗതമായി എല്‍.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊളളുന്ന ആലപ്പുഴയില്‍ സമീപകാല തെരഞ്ഞെടുപ്പ്‌ ഫലങ്ങളിലുണ്ടായ ചാഞ്ചാട്ടങ്ങളാണ്‌ ഈ ജില്ലയെ രാഷ്‌ട്രീയശ്രദ്ധാകേന്ദ്രമാക്കുന്നത്‌.
സംസ്‌ഥാനത്ത്‌ വലിയ ഭൂരിപക്ഷം എല്‍.ഡി.എഫും യു.ഡി.എഫും പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും ശക്‌തമായ മത്സരത്തിനുള്ള സാധ്യതയാണ്‌ നേതൃത്വങ്ങള്‍ കണക്കുകൂട്ടുന്നത്‌. 70-80 സീറ്റുകളുടെ മാര്‍ജിന്‍ മുന്നില്‍ കാണുന്ന നേതാക്കളുമുണ്ട്‌.
അതുകൊണ്ടുതന്നെ ആലപ്പുഴ ഉള്‍പ്പടെയുള്ള തെക്കന്‍ ജില്ലകളില്‍ നിന്ന്‌ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം മുന്നണികള്‍ക്ക്‌ നിര്‍ണായകമാകും. കഴിഞ്ഞ രണ്ട്‌ തവണയുണ്ടായ ആധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌ ആഗ്രഹിക്കുമ്പോള്‍ ഇത്തവണ അട്ടിമറി വിജയങ്ങള്‍ക്കുള്ള സാധ്യത യു.ഡി.എഫ്‌ മുന്നില്‍ കാണുന്നു. നിയമസഭയില്‍ മൂന്നാം ബദലായി ഉയരാന്‍ അരയും തലയും മുറുക്കി ഇറങ്ങുന്ന എന്‍.ഡി.എയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും മുന്നേറ്റം തുടരാനായാല്‍ ആലപ്പുഴയില്‍ നിന്ന്‌ തങ്ങളുടെ പ്രതിനിധികള്‍ നിയമസഭയിലേക്ക്‌ ഉണ്ടാകുമെന്ന്‌ വിലയിരുത്തുന്നു.
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്‌, അമ്പലപ്പുഴ, ഹരിപ്പാട്‌, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര എന്നിങ്ങനെ ആലപ്പുഴയിലെ ഒന്‍പത്‌ മണ്ഡലങ്ങളിലും ഇക്കുറി ശക്‌തമായ പോരാട്ടത്തിനുള്ള സാധ്യതകളാണ്‌ തെളിയുന്നത്‌. 2016ലും 2021ലും എട്ട്‌ സീറ്റുകളും എല്‍.ഡി.എഫിനായിരുന്നു. രമേശ്‌ ചെന്നിത്തല വിജയിച്ച ഇതില്‍ ഹരിപ്പാട്‌ മാത്രമാണ്‌ യു.ഡി.എഫിന്റെ പക്കലുള്ളത്‌. 2011ല്‍ ഏഴ്‌ സീറ്റില്‍ ഇടതുപക്ഷം വിജയിച്ചപ്പോള്‍ യു.ഡി.എഫിന്‌ ലഭിച്ചത്‌ ചെങ്ങന്നൂരും ഹരിപ്പാടുമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ്‌ 11 സീറ്റുകളുണ്ടായിരുന്ന 2006ല്‍ ആറ്‌ സീറ്റുകള്‍ ഇടതിനും അഞ്ച്‌ സീറ്റുകള്‍ യു.ഡി.എഫിനുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടായയെങ്കിലും മുന്നണിയുടെ അടിത്തറ ഭദ്രമാണെന്നാണ്‌ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സിറ്റിങ്‌ എം.എല്‍.എമാരില്‍ പലരോടും ജനങ്ങള്‍ക്കുള്ള അവമതിപ്പ്‌ ഉള്‍പ്പടെ മുതലെടുക്കാനായാല്‍ ആലപ്പുഴയില്‍ നേട്ടം കൊയ്യാനാകുമെന്ന്‌ യു.ഡി.എഫ്‌ കണക്കുകൂട്ടുന്നു. പിന്നാക്ക വോട്ടുബാങ്കുകളില്‍ കടന്നുകയറാനായ ബി.ജെ.പി ഇത്തവണ ആലപ്പുഴ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്‌.

ആര്‍ക്കൊപ്പം ഒമ്പത്‌
മണ്ഡലങ്ങള്‍?

ജില്ലയിലെ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളില്‍ ഹരിപ്പാട്‌ ഒഴികെ എട്ടും എല്‍.ഡി.എഫിന്റെ കൈവശമാണെങ്കിലും അവിടങ്ങളിലേക്ക്‌ യു.ഡി.എഫ്‌. കടന്നുകയറുന്നതാണ്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ ഫലം നല്‍കുന്ന സൂചന. ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട്‌, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ ഇതു പ്രകടമാണ്‌. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌ മേല്‍ക്കൈ നിലനിര്‍ത്തിയെങ്കിലും ആധിപത്യം കുറഞ്ഞു. കായംകുളത്ത്‌ ഇരുമുന്നണികളും തുല്യനിലയിലായിരുന്നു. ഹരിപ്പാട്ട്‌ യു.ഡി.എഫ്‌. മേധാവിത്വമായിരുന്നു. തദ്ദേശ ഫലം കണക്കാക്കുമ്പോള്‍ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത്‌ യു.ഡി.എഫിന്‌ മേല്‍ക്കൈയുണ്ട്‌.
അരൂര്‍ മണ്ഡലത്തിലെ ആകെ 10 പഞ്ചായത്തുകളില്‍ ഏഴിടത്തും എല്‍.ഡി.എഫാണു ജയിച്ചത്‌. ചേര്‍ത്തല മണ്ഡലത്തിനു കീഴിലെ എട്ടു തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭ ഉള്‍പ്പടെ അഞ്ചിടത്ത്‌ വിജയിക്കാനും അവര്‍ക്കു കഴിഞ്ഞു.
ആലപ്പുഴ മണ്ഡലത്തില്‍ നഗരസഭയിലെ 28 വാര്‍ഡുകളും നാലു ഗ്രാമപഞ്ചായത്തുകളുമാണുള്ളത്‌. ഇതില്‍ നഗരസഭയിലെ 12 വാര്‍ഡില്‍ എല്‍.ഡി.എഫ്‌ ജയിച്ചു. നാലു ഗ്രാമപഞ്ചായത്തുകളും നിലനിര്‍ത്തി. നഗരത്തിലെ 11 വാര്‍ഡുകളിലാണ്‌ യു.ഡി.എഫിന്‌ മുന്‍തൂക്കം. അഞ്ചിടത്ത്‌ എന്‍.ഡി.എയാണ്‌ മുന്നില്‍. അമ്പലപ്പുഴ മണ്ഡലം ഉള്‍പ്പെടുന്ന 25 നഗരവാര്‍ഡുകളില്‍ 13 ഉം യു.ഡി.എഫ്‌ നേടി. രണ്ടു ഗ്രാമപഞ്ചായത്തുകളിലും ജയിക്കാനായി.
കുട്ടനാട്‌ മണ്ഡലത്തിലെ 13 പഞ്ചായത്തുകളില്‍ എട്ടിലും യു.ഡി.എഫ്‌ വിജയിച്ചു. ഒരിടത്ത്‌ തുല്യ നിലയിലാണ്‌. ഹരിപ്പാട്‌ മണ്ഡലത്തില്‍ നഗരസഭ ഉള്‍പ്പെടുന്ന അഞ്ചു തദ്ദേശ സ്‌ഥാപനങ്ങളില്‍ യു.ഡി.എഫ്‌ മേല്‍ക്കൈ നേടി. രണ്ടിടത്തു തുല്യതയിലെത്താനും കഴിഞ്ഞു. മൂന്നു ഗ്രാമപഞ്ചായത്തുകളിാണ്‌ എല്‍.ഡി.എഫിനു മുന്‍തൂക്കം ലഭിച്ചത്‌.
കായംകുളം മണ്ഡലത്തിലെ ഏഴു തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭയിലും ഒരു പഞ്ചായത്തിലും യു.ഡി.എഫ്‌ ഭരണം പിടിച്ചു. ബാക്കി അഞ്ചിടത്തും എല്‍.ഡി.എഫാണ്‌. ഇവിടെ ഇരുമുന്നണികളും തുല്യ നിലയിലാണ്‌. മാവേലിക്കര മണ്ഡലത്തിലെ നഗരസഭാഭരണത്തിനു പുറമേ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ തുല്യതയിലെത്താനും യു.ഡി.എഫിനായി. നാലു ഗ്രാമപഞ്ചായത്ത്‌ വിജയം മാത്രമാണ്‌ എല്‍.ഡി.എഫിന്‌ ആശ്വാസം പകര്‍ന്നത്‌.
മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ആകെയുള്ള 11 തദ്ദേശ സ്‌ഥാപനങ്ങളില്‍ നഗരസഭയും മൂന്നു ഗ്രാമപഞ്ചായത്തുകളും യു.ഡി.എഫ്‌ നേടി. ഒരു പഞ്ചായത്തില്‍ തുല്യതയിലെത്താനുമായി. ഇവിടെ എന്‍.ഡി.എയും എല്‍.ഡി.എഫും മൂന്നു ഗ്രാമപഞ്ചായത്തുകള്‍ വീതം നേടിയിട്ടുണ്ട്‌.
ജില്ലയില്‍ ആറ്‌ നഗരസഭകളില്‍ അഞ്ചിലും യു.ഡി.എഫ്‌ മുന്നിലെത്തിയത്‌ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക്‌ കൂടിയുള്ള കനത്ത തിരിച്ചടിയായിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ 54 ഗ്രാമപഞ്ചായത്തുകളിലായിരുന്നു എല്‍.ഡി.എഫ്‌ ഭരണം. ഇത്തവണയത്‌ 36ലേക്ക്‌ താഴ്‌ന്നു. അപ്പോഴും പഞ്ചായത്തുകളിലെ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായില്ലെന്നാണ്‌ എല്‍.ഡി.എഫ്‌ നേതൃത്വം ആശ്വാസം കൊണ്ടത്‌. കഴിഞ്ഞ തവണ 11 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ ഭരിച്ച ചമ്പക്കുളം ബ്ലോക്കില്‍ കക്ഷിനിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു.
നറുക്കെടുപ്പിലൂടെയാണു യു.ഡി.എഫ്‌ അധികാരത്തിലെത്തിയത്‌. എന്നാല്‍ ഇത്തവണ നാല്‌ ബ്ലോക്ക്‌ പഞ്ചാത്തുകളില്‍ യു.ഡി.എഫ്‌ ഭൂരിപക്ഷം നേടി. വെളിയനാട്‌ ബ്ലോക്കില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരമ്പരാഗത ശക്‌തികേന്ദ്രങ്ങളിലടക്കം ബി.ജെ.പി കടന്നുകയറിയതായി വിലയിരുത്തലുണ്ടായിരുന്നു.

'ഉന്നം പരമാവധി
സീറ്റുകള്‍'

ജില്ലയില്‍ നിന്ന്‌ പരമാവധി സീറ്റുകളാണ്‌ എല്‍.ഡി.എഫും യു.ഡി.എഫും ലക്ഷ്യമിടുന്നത്‌. നിലവില്‍ സ്‌ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള സിറ്റിങ്‌ എം.എല്‍.എമാരുടെ പോരായ്‌മകളിലാണ്‌ യു.ഡി.എഫ്‌ പ്രതീക്ഷ വയ്‌ക്കുന്നത്‌. പലേടത്തും എം.എല്‍.എമാരോട്‌ കടുത്ത അവമതിപ്പുള്ളതായി സി.പി.എം അണികള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്‌. കുട്ടനാട്‌, അമ്പലപ്പുഴ, അരൂര്‍ തുടങ്ങിയിടങ്ങളില്‍ നെഗറ്റീവ്‌ വോട്ടുകള്‍ക്കുള്ള സാധ്യതയും പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നു. ചെങ്ങന്നൂരില്‍ ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍പിള്ളയെപ്പോലെയുള്ള പ്രമുഖ നേതാക്കള്‍ എന്‍.ഡി.എയ്‌ക്കായി മത്സരിച്ചാല്‍ ത്രികോണപോരാട്ടം കടുക്കാനുള്ള സാധ്യതയുമേറെയാണ്‌.
കുട്ടനാട്‌ സീറ്റ്‌ ഏറ്റെടുത്ത്‌ അവിടെ കുട്ടനാട്ടുകാരിയായ നിലവിലെ കായംകുളം എം.എല്‍.എ യു. പ്രതിഭയെ മത്സരിപ്പിക്കണമെന്ന അഭിപ്രായം നേതൃത്വത്തില്‍ ചിലര്‍ക്കുള്ളതായി അറിയുന്നു. മുന്‍മന്ത്രിമാരായ ജി.സുധാകരന്‍, തോമസ്‌ ഐസക്ക്‌ എന്നിവര്‍ക്ക്‌ ഒരു വട്ടം കൂടി അവസരം നല്‍കിയാല്‍ അത്‌ ഇടതിന്‌ ജില്ലയിലാകെ മികച്ച നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുക്കുമെന്ന വാദവും ബലപ്പെടുന്നുണ്ട്‌.
കായംകുളത്ത്‌ കെ.എച്ച്‌ ബാബുജാന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്‌. യു.ഡി.എഫില്‍ കുട്ടനാട്ടിലെ സ്‌ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസ്‌, കേരളാ കോണ്‍ഗ്രസ്‌ ഭിന്നത രൂക്ഷമാണ്‌. അരൂരില്‍ കോണ്‍ഗ്രസിനുള്ളില്‍ വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കുന്നു.
എങ്കിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, വര്‍ക്കിങ്‌ കമ്മിറ്റിയംഗം രമേശ്‌ ചെന്നിത്തല എം.എല്‍.എ എന്നിവര്‍ ഇടപെട്ട്‌ ഏറ്റവും മികച്ച സ്‌ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ്‌. എന്‍.ഡി.എയ്‌ക്കായും പ്രമുഖര്‍ കളത്തിലുണ്ടാകുമെന്നാണ്‌ സൂചന.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW