-->
മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീതിപടര്‍ത്തി കാട്ടാന പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ചൊക്കനാട് എസ്‌റ്റേറ്റിലെ ലയങ്ങള്‍ക്കും ഫാക്‌ടറിക്കും സമീപമാണ് പടയപ്പ എത്തിയത്.
ഇന്നലെ പുലര്‍ച്ചെ എസ്‌റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം നിലയുറപ്പിച്ച ആന, ഏറെ നേരം അവിടെ തങ്ങി. ലയങ്ങള്‍ക്ക് സമീപമുള്ള കൃഷിയിടങ്ങളില്‍ ആന കൃഷിനാശം വരുത്തി. ഈ സമയം ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി പടയപ്പ ഈ മേഖലയില്‍ സ്‌ഥിരമായി എത്തുന്നുണ്ട്. എസ്‌റ്റേറ്റ് റോഡുകളില്‍ ആന നിലയുറപ്പിക്കുന്നത് തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനും തടസമാകുന്നു. പടയപ്പ സാധാരണയായി ശാന്തസ്വഭാവക്കാരനാണെങ്കിലും, പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ അപകടമുണ്ടാക്കുമോ എന്ന ഭീതിയിലാണ് തോട്ടം തൊഴിലാളികള്‍.
ആനയെ കാണുമ്പോഴോ റോഡില്‍ തടസം സൃഷ്‌ടിക്കുമ്പോഴോ ആരും പ്രകോപിപ്പിക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും വനവകുപ്പ് ഉദ്യോഗസ്‌ഥര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ആനയെ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും ആര്‍.ആര്‍.ടി സംഘവും പിന്നാലെ ഉണ്ട്.