-->
തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ ഈസ്‌റ്റ് കലൂര്‍ ആനപ്പാറയില്‍ കാട്ടുതീ പടര്‍ന്ന് റബര്‍ മരങ്ങള്‍ നശിച്ചു. ആനപ്പാറ എന്ന സ്‌ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ച് റബര്‍ കൃഷിചെയ്‌തിരുന്ന സ്‌ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തൊടു പുഴയില്‍ നിന്നും ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ സാദിഖ് ടി.എച്ച്, ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 2 യൂണിറ്റ് അഗ്നിശമനസേന അംഗങ്ങള്‍ സംഭവസ്‌ഥലത്ത് എത്തി ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് തല്ലിയും ഏകദേശം 50 മീറ്റര്‍ ദൂരത്തില്‍ ഫയര്‍ലൈന്‍ തെളിച്ചും തീ അണച്ചു.
സേനയുടെ വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത വിധത്തില്‍ റോഡില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ വളരെ ദുര്‍ഘടമായ മല മുകളിലാണ് തീപിടുത്തം ഉണ്ടായത്. ഏഴല്ലൂര്‍ മലയുടെ മുകള്‍ഭാഗത്ത് തമ്പടിക്കുന്ന സാമൂഹിവിരുദ്ധരാണ് തീപിടുത്തത്തിന് പുറകില്‍ എന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ഇത് രണ്ടാം പ്രാവശ്യമാണ് ഈ പ്രദേശത്ത് ശക്‌തമായ തീപിടുത്തം ഉണ്ടാകുന്നത്. സമീപവാസികളായ വെള്ളികുളം സലി, വള്ളിക്കുളം സത്താര്‍, ജോളി കൊച്ചുപുര എന്നിവരുടെ പുരയിട ത്തിന് സമീപത്തേക്കാണ് തീ പടര്‍ന്നത്. സലിയുടെ ഏകദേശം പത്തോളം റബ്ബര്‍ മരങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളായ വിവേക്, സച്ചിന്‍ ആഷിക്,നാസര്‍, ബെന്നി,സണ്ണി, ഷാജി, ജോബി, ലിബിന്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി.