Friday, March 13, 2026 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 04.44 AM

അമ്പലപ്പുഴ ക്ഷേത്രസന്നിധി ഉത്സവ ലഹരിയിലേക്ക്‌; പള്ളിപ്പാനയ്‌ക്ക് കാപ്പുകെട്ടോടെ നാളെ തുടക്കം

uploads/news/2026/02/824275/1.jpg

അമ്പലപ്പുഴ: 12 വര്‍ഷത്തിലൊരിക്കല്‍ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന പള്ളിപ്പാനയ്‌ക്ക് നാളെ തുടക്കം. രാവിലെ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണ്‌ പള്ളിപ്പാന ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. പ്രഭാത ശ്രീബലിക്കുശേഷം നടക്കുന്ന കാപ്പുകെട്ട്‌ ചടങ്ങോടെയാണ്‌ പള്ളിപ്പാന ആരംഭിക്കുക. 9.25 നും 10.05നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ്‌ കാപ്പ്‌ കെട്ട്‌.
പള്ളിപ്പാന ചടങ്ങുകള്‍ നടത്തുന്നതിനായി എത്തുന്ന കര്‍മ്മികളെ അമ്പനാട്ട്‌ പണിക്കന്‍, ക്ഷേത്രഭാരവാഹികള്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ആല്‍ത്തറയില്‍ നിന്ന്‌ സ്വീകരിച്ച്‌ ക്ഷേത്രവളപ്പിന്റെ തെക്കുകിഴക്കേ കോണില്‍ തയാറാക്കുന്ന പള്ളിപ്പന്തലിനരികിലെ കുടിലുകളില്‍ ഇരുത്തും. തുടര്‍ന്ന്‌ ക്ഷേത്രം സ്‌ഥാനി ആശാരി വെട്ടിയതിനകം കുടുംബത്തിലെ മൂത്തയാള്‍ പള്ളിപന്തലിനുമുന്നില്‍ നാളികേരം ഉടക്കും. പള്ളിപ്പാനപ്പന്തലിലേക്ക്‌ ദേവചേതന്യം ആവാഹിക്കുന്നതിനായി സ്വര്‍ണം കെട്ടിയ കോയ്‌മവടി ശ്രീകോവിലില്‍ കൊണ്ടുപോയി പൂജകള്‍ ചെയ്‌ത് വെള്ളിവട്ടകയില്‍ വെച്ച്‌ ആഘോഷപൂര്‍വം പള്ളിപന്തലിലേക്ക്‌ എഴുന്നള്ളിക്കും. അവിടെ പ്രത്യേകം തയാറാക്കുന്ന ശരകൂടത്തിനരികിലെ പീഠത്തിലാണ്‌ കോയ്‌മവടി വയ്‌ക്കുന്നത്‌. പള്ളിപ്പാനയുടെ കര്‍മികള്‍ ജപിച്ച്‌ നല്‍കുന്ന അഞ്ച്‌ സ്വര്‍ണകാപ്പുകളും ഒരു വെള്ളികാപ്പും വെറ്റിലചേര്‍ത്ത്‌ കോയ്‌മവടിയില്‍ കെട്ടുന്നതോടെ കാപ്പുകെട്ട്‌ ചടങ്ങ്‌ പൂര്‍ത്തിയാവും. ചെമ്പകശേരി, കോയിക്കരി, ഏറമുണ്ട, കുന്നംകരി, നെട്ടാശേരി, അമ്പലപ്പുഴ എന്നീ കുടുംബങ്ങള്‍ക്കാണ്‌ കാപ്പുകള്‍ ജപിച്ചുനല്‍കുന്നതിനുള്ള അവകാശം.
ശൈവവാദ്യങ്ങളായ പറയും തുടിയും കൊട്ടി പാട്ടുപാടിയും ഇലഞ്ഞിത്തൂപ്പുകൊണ്ട്‌ ഉഴിഞ്ഞും ദേവന്റെ ബാധോവദ്രങ്ങള്‍ നീക്കുന്നതാണ്‌ പള്ളിപ്പാനയിലെ പ്രധാന ചടങ്ങ്‌. ഇതോടെ ദേവചൈതന്യം വര്‍ധിച്ച്‌ നാടിനും നാട്ടാര്‍ക്കും സമൃദ്ധിയും ഐശ്വര്യവും കൈവരുമെന്നാണ്‌ വിശ്വാസം. 400 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ചെമ്പകശേരി രാജാക്കന്മാരുടെ കാലത്ത്‌ നിശ്‌ചയിച്ച ചടങ്ങുകളാണ്‌ ഇപ്പോഴും പള്ളിപ്പാനയില്‍ പിന്തുടരുന്നത്‌.15 ദിവസം നീളുന്ന പള്ളിപ്പാനയില്‍ പകലും രാത്രിയുമായി 25 പ്രധാന കര്‍മ്മങ്ങളാണ്‌ നടക്കുക. ഭീഷ്‌മ ശരശയനം, തട്ടുബലി, ചെറിയകൂമ്പുവലി, അടവി, ഭൈരവിക്കോലം, വലിയകൂമ്പുബലി എന്നിവ പ്രാചീനസംസ്‌കൃതിയുടെ അതിശയക്കാഴ്‌ചകള്‍ സമ്മാനിക്കുന്ന അപൂര്‍വ്വചടങ്ങുകളാണ്‌.

പള്ളിപ്പാനയ്‌ക്ക് തച്ചന്മാര്‍ തയാറെടുക്കുന്നു

അമ്പലപ്പുഴ: ചരിത്ര പ്രസിദ്ധമായ പള്ളിപ്പാനയ്‌ക്ക് തച്ചന്‍മാരും തയാറെടുക്കുന്നു. ചെമ്പകശേരി തച്ചന്‍ വാസുദേവന്‍ ആചാരിയുടെ നേതൃത്വത്തിലാണ്‌ പള്ളിപ്പാനക്കായി രൂപങ്ങള്‍ നിര്‍മിക്കുന്നത്‌. കഴിഞ്ഞ പള്ളിപ്പാനക്കും ഇദ്ദേഹം പങ്കാളിയായിരുന്നു. ഇത്തവണ വാസുദേവന്‍ ആചാരിയുടെ നേതൃത്വത്തില്‍ പത്തോളം തച്ചന്‍മാരാണ്‌ പള്ളിപ്പാനക്കായുള്ള രൂപങ്ങളും പീഠങ്ങളും നിര്‍മിക്കുന്നത്‌. 75 ഓളം അടക്കാമരത്തിലും ഇവരുടെ കരവിരുത്‌ പ്രകടമാകും. ഇലഞ്ഞി, പ്ലാവ്‌, കാഞ്ഞിരം, പാല എന്നീ തടികളിലാണ്‌ ഇവ നിര്‍മിക്കുന്നത്‌. പള്ളിപ്പാനയുടെ പ്രധാന ചടങ്ങായ ഭീഷ്‌മരെ ശരശയ്യയില്‍ കിടത്തുന്ന ചടങ്ങിനായി രൂപം നിര്‍മിക്കുന്നത്‌ തേക്കിന്‍ തടി യിലാണ്‌. അഞ്ച്‌ രൂപങ്ങളും 12 പീഠങ്ങളുമാണ്‌ ഇതിനായി തയാറാക്കുന്നത്‌. ബ്രാഹ്‌മണ, ക്ഷത്രിയ, വൈശ്യ,ശൂദ്രഭാവങ്ങളിലാണ്‌ ഇവ നിര്‍മിക്കുന്നത്‌. രണ്ട്‌ ദിവസം മുന്‍പാരംഭിച്ച ജോലികള്‍ പള്ളിപ്പാന അവസാനിക്കുന്നതു വരെ തുടരും.

Ads by Google
Advertisement
Saturday 07 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW