-->
ആറന്മുള: കൃഷ്‌ണ മന്ത്ര ധ്വനികളും വഞ്ചിപ്പാട്ടും ഒരു പോലെ മുഴങ്ങിയ അന്തരീക്ഷത്തില്‍ ആറന്മുളയില്‍ അഷ്‌ടമി രോഹിണി സമൂഹ സദ്യ വീണ്ടും.പമ്പാ നദിയില്‍ ജലഘോഷയാത്രയും ക്ഷേത്രത്തിലേക്ക് പള്ളിയോട നായകരുടെ സ്വീകരണവും ഒഴിച്ചാല്‍ എല്ലാം അഷ്‌ടമി രോഹിണി നാളിന്റെ പ്രതീതിയില്‍ തന്നെ ആയിരുന്നു.
പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കഴിഞ്ഞ അഷ്‌ടമിരോഹിണി നാളില്‍ ഭഗവാന് സദ്യ വിളമ്പിയതില്‍ ആചാര ലംഘനം ഉണ്ടായെന്ന കണ്ടെത്തലില്‍ പ്രായശ്‌ചിത്തം നടത്തണമെന്ന് തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സദ്യ വീണ്ടും നടത്തിയത്.
തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാണ് പ്രാശ്‌ചിത്തം നിര്‍ദ്ദേശിച്ചത്.ഇന്നലത്തെ ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്തു് കുഴിക്കാട്ടില്ലത്തു് അഗ്നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരിയും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികരായി. ആറന്മുള പളളിയോട സേവാസംഘം, ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമതി, ക്ഷേത്ര കൈസ്‌ഥാനീയര്‍ എന്നിവര്‍ ചേര്‍ന്ന് വിളിച്ച് ചൊല്ലി പ്രാശ്‌ചിത്തവും, എണ്ണാപ്പണവും ഭഗവാന് സമര്‍പ്പിക്കണവും നടത്തിയ ശേഷം സമൂഹ സദ്യ വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സദ്യ നടത്താനായിരുന്നു നിര്‍ദേശം. ഇതനുസരിച്ചു ഒരു പറ അരിയുടെ നിവേദ്യവും, നാല് കൂട്ടം കറികളും ആദ്യം ശ്രീകോവിലില്‍ നിവേദിച്ചു.
തുടര്‍ന്ന് പുറത്തു് ഒരുക്കിയിരുന്ന 11 പറയുടെ അരിയുടെ സദ്യ ഭക്‌തര്‍ക്കും വിളമ്പി. കുഴിക്കാട്ടില്ലത്തു് അഗ്നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരി യും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയും ഭദ്ര ദീപം ദീപം തെളിയിച്ച ശേഷം ആദ്യം ഭഗവാന് സമര്‍പ്പിച്ചു.തുടര്‍ന്ന് സദ്യ മതിലകത്ത് വിളമ്പി ഭക്‌തര്‍ക്ക് വിളമ്പി. വടക്കേ മാളികയിലും പടിഞ്ഞാറേ പുതിയ ഊട്ടുപുരയിലുമായി നടന്ന സദ്യയില്‍ നിരവധി ഭക്‌തര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ അഷ്‌ടമിരോഹിണി സദ്യയ്‌ക്ക് തുടക്കം കുറിച്ച് പ്രഭാത ശ്രീബലിയ്‌ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ നിലവിളിക്കിന് മുന്‍പില്‍ 52 കരയിലെ പ്രതിനിധികള്‍ പള്ളിയോട കരകള്‍ക്ക് വേണ്ടി നെല്‍പ്പറകള്‍ സമര്‍പ്പിക്കുകയും തുടര്‍ന്ന് ഉച്ച പൂജക്ക് ശേഷം ആനക്കൊട്ടിലില്‍ സദ്യ വിളമ്പുകയുമാണ് നടക്കേണ്ടത്.
എന്നാല്‍ കഴിഞ്ഞ അഷ്‌ടമി രോഹിണി നാളില്‍ ഉച്ച പൂജക്ക് മുന്‍പ് ദേവസം വകുപ്പ് മന്ത്രി വി .എന്‍ വാസവന്‍ ഭദ്രദീപം കൊളുത്തുകയും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിഭവങ്ങള്‍ ഇലയില്‍ വിളമ്പി സമര്‍പ്പണം നടത്തുകയും ചെയ്‌ത ശേഷം ഭക്‌തര്‍ക്കും വിളമ്പി. ഇതാണ് ആചാര ലംഘനമായി കണ്ടെത്തിയത്.ചടങ്ങുകളില്‍ പങ്കെടുത്ത മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ഇത് വിവാദവും പരാതിയും ആയതോടെയാണ് ക്ഷേത്ര ഉപദേശക സമിതിയും ദേവസം ബോര്‍ഡും തന്ത്രിയുടെ അഭിപ്രായം ആരാഞ്ഞത്.
ഇതിനുള്ള മറുപടിയിലാണ് അദ്ദേഹം പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയത്‌പള്ളിയോട സേവാസംഘം പ്രസിഡണ്ട് കെ. വി സാംബദേവന്‍,സെക്രട്ടറി പ്രസാദ് ആനന്ദഭവന്‍, വൈസ് പ്രസിഡന്റ് കെ. എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്,ഉപദേശ സമതി സെക്രട്ടറി ശശി കണ്ണംകേരില്‍ ,ഡോ .സുരേഷ് ബാബു,അനൂപ് ഉണ്ണികൃഷ്‌ണന്‍, ശശികുമാര്‍ കുറുപ്പ്, പാര്‍ഥസാരഥി ആര്‍.പിളള, മുരളി ജി.പിളള, വിജയകുമാര്‍ ചുങ്കത്തില്‍, മോഹന്‍ ജി.നായര്‍, പി.ആര്‍.ഷാജി, റ്റി.എന്‍.ചന്ദ്രശേഖരന്‍, പ്രസന്നകുമാര്‍, മോഹനചന്ദ്രന്‍, സി.ജി.പ്രദീപ്, സി.കെ.ഹരിശ്‌ചന്ദ്രന്‍, വിജയന്‍ അങ്കത്തില്‍, ഭരത് വാഴുവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാര്‍ഥന്‍ കേറ്ററിങ്ങ്‌സ് ഉടമ അനീഷ് ചന്ദ്രനാണ് സദ്യ ഒരുക്കിയത്.മേലില്‍ ആചാരം ലംഘിക്കുന്ന തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലന്നും തന്ത്രി ചാര്‍ത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.