-->
പന്തളം: ഇക്കഴിഞ്ഞ മൂന്നിന് കൊച്ചിയിലെ കേന്ദ്ര സമുദ്രമ ത്സ്യ ഗവേഷണ കേന്ദ്രത്തില്‍ സ്‌ഥാപിച്ച 15 മീറ്റര്‍ നീളമുള്ള ബ്രൂഡസ് തിമിംഗലത്തിന്റെ അസ്‌ഥികൂടത്തിന് പുനര്‍ജ്‌ജന്മം ലഭിച്ചത് അധ്യാപകനും വന്യജീവി ആര്‍ട്ടിസ്‌റ്റും പക്ഷി നിരിക്ഷകനുമായ ജിജി സാമിന്റെ വീട്ടുമുറ്റത്ത് . ഒടിഞ്ഞതും പൊട്ടിപ്പോയതുമായ നൂറിലധികം അസ്‌ഥിക്കഷണങ്ങള്‍ കേടുപാടുകള്‍ തീര്‍ത്തും നഷ്‌ടപ്പെട്ട ഭാഗങ്ങള്‍ ശാസ്‌ത്രീയമായി പുനര്‍നിര്‍മ്മിച്ചും പ്രദര്‍ശിപ്പിക്കത്തക്കവിധം തയ്യാറാക്കിയെടുക്കുക എന്ന വെല്ലുവിളി ജിജി സാം ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോടിന് അടുത്തുള്ള വെള്ളയില്‍ കടപ്പുറത്ത് 2023ല്‍ ചത്തടിഞ്ഞ തിമിംഗലത്തെ ഔദ്യോഗിക അനുമതികളോടു കൂടി സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം ഏറ്റെടുത്ത് കുഴിച്ചിടുകയും മാംസഭാഗങ്ങള്‍ ചീഞ്ഞ് മാറിയ ശേഷം 2024ല്‍ അസ്‌ഥികൂടം പുറത്ത് എടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പുറത്തെടുത്ത സമയം പല അസ്‌ഥിഭാഗങ്ങളും പൂര്‍ണ്ണമായോ ഭാഗികമായോ നഷ്‌ടപ്പെടു കയോ കേടു പാടുകള്‍ സംഭവിക്കുകയോ ചെയ്‌തിരുന്നു.
അസ്‌ഥികൂടം പ്രദര്‍ശനത്തിനായി സ്‌ഥാപിക്കത്തക്കവിധത്തിലാക്കാനുള്ള ജോലി ഏറ്റെടുത്തയുടനെ തന്നെ കൊച്ചിയില്‍ നിന്നും തിമിംഗലത്തിന്റെ അസ്‌ഥികളെല്ലാം ലോറിയില്‍ കയറ്റി തുമ്പമണ്‍ വടക്കേക്കരയിലുള്ള ജിജി സാമിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഓരോ അസ്‌ഥികളുടെയും സ്‌ഥാനങ്ങളും ഘടനകളും മനസ്സിലാക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ നിന്നും മറ്റും ലഭ്യമായ ശാസ്‌ത്രീയവിവരങ്ങളും, ലോകത്ത് ഇത്തരം തിമിംഗലങ്ങളുടെ അസ്‌ഥികൂടങ്ങള്‍ സ്‌ഥാപിച്ചിട്ടുള്ളിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും മറ്റ് ഗവേഷണപ്രബന്ധങ്ങളും മറ്റും ശേഖരിച്ചു് 5 മാസത്തോളം നീണ്ടുനിന്ന വിശദമായ പഠനത്തിലൂടെയാണ് ജിജി സാം എല്ലുകളുടെ സ്‌ഥാനങ്ങള്‍ ക്രമപ്പെടുത്തിയത്.
പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടുപോയ അസ്‌ഥിക്കഷണങ്ങളുടെ രൂപരേഖ തയ്യാറാക്കി തനതായി നിര്‍മ്മിച്ചെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
നഷ്‌ടപ്പെട്ടവയുടെയും കേടുപാടു സംഭവിച്ചവയുടയും രൂപരേഖ ശാസ്‌ത്രീയമായി തയ്യാറാക്കുകയും തുടര്‍ന്ന് അനുയോജ്യമായ വിവിധതരം വസ്‌തുക്കള്‍ ഉപയോഗിച് പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു.
അഴിച്ചു മാറ്റി മറ്റൊരു സ്‌ഥാനത്ത് സ്‌ഥാപിക്കത്തക്കവിധത്തില്‍ ഇരുമ്പ് തൂണുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പ് ചട്ടക്കൂട് ഉണ്ടാക്കി അതിലാണ് പൂര്‍ത്തിയാക്കിയ അസ്‌ഥികൂടം ഘടിപ്പിച്ചിരിക്കുന്നത്. അയണ്‍ ഫാബ്രിക്കേറ്റര്‍മാരുടെ സഹായത്തോടെയാണ് ഇരുമ്പ് ചട്ടക്കൂട് ഉണ്ടാക്കിയത്.
അസ്‌ഥികൂടത്തിന്റെ പണികള്‍ നടക്കുന്ന സമയത്ത് വിവരമറിഞ്ഞ് ശാസ്‌ത്രകുതുകികളായ ധാരാളം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജിജിയുടെ വീട്ടിലെത്തി കണ്ടിരുന്നു.
ബ്രൂഡസ് തിമിംഗലത്തിന്റെ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ രണ്ടാമത്തെയും സ്‌പെസിമെന്‍ ആണ് ഇപ്പോള്‍ ഈ രീതിയില്‍ ജിജി സാമിന്റെ കരവിരുതില്‍ കൊച്ചിയില്‍ സ്‌ഥാപിച്ചിട്ടുള്ളത്. അസ്‌ഥികൂടം ശാസ്‌ത്രീയവും മനോഹരവുമായി തയ്യാറാക്കിയതില്‍ കൊച്ചി സമുദ്രമത്സ്യഗവേഷണ കേന്ദ്ര അധികൃതര്‍ ജിജി സാമിനെ മുക്‌തകണ്‌ഠം പ്രശംസിച്ചു.
പക്ഷി നിരീക്ഷകരുടെ കൂട്ടായ്‌മയായ പത്തനംതിട്ട ബേഡേഴ്‌സ് ന്റെ പ്രസിഡണ്ടും ഒരു പക്ഷി നിരീക്ഷകനും കൂടിയായ ഇദ്ദേഹം വന്യജീവികളുടെയും പക്ഷികളുടെയും ചെറു ശില്‍പങ്ങള്‍ തയ്യാറാക്കുന്നതിലും ചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും സമര്‍ത്ഥനാണ്.
കോന്നി ആനക്കൂട്ടിലെ ആനമ്യൂസിയത്തില്‍ സ്‌ഥാപിച്ചിട്ടുള്ള ആനപിടുത്തം, തേക്കുവെട്ടല്‍, ആനയുടെ പരിണാമം എന്നീ ഡയോരമകള്‍ ജിജി നിര്‍മ്മിച്ച് നല്‍കിയിട്ടുള്ളതാണ്.
ഇദ്ദേഹം നിര്‍മ്മിച്ചിട്ടുള്ള, വനംവകുപ്പിന്റെ മനോഹരമായ 9 പാരമ്പര്യ കെട്ടിടങ്ങളുടെ ചെറിയ മാതൃകകള്‍ കൊല്ലം വനം കണ്‍സര്‍വേറ്ററുടെ കാര്യാലയത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നിലവില്‍ വിദ്യാഭ്യാസവകുപ്പില്‍ പന്തളം ബി.ആര്‍.സി. പരിശീലകനായി ജോലി ചെയ്യുന്ന ഇദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശാസ്‌ത്ര സംബന്ധിയായ മാതൃകകള്‍ നിര്‍മ്മിക്കാറുമുണ്ട്.