-->
വൈക്കം: നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടി നിര്‍മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ചു കോടി രൂപ സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലെ മറുപടിയില്‍ സി.കെ ആശ എം.എല്‍.എ ഉന്നയിച്ച ആവശ്യത്തിലാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിനായി തുക അനുവദിച്ച വിവരം അറിയിച്ചത്. തുറവൂര്‍-പമ്പ ദേശീയ പാതയുടെ ഭാഗമായ നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ് .
മാര്‍ച്ച് അവസാനത്തോടെ പാലം പണി പൂര്‍ത്തിയാകും. പാലം പണി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന വലിയ വാഹനത്തിരക്ക് നിലവിലുള്ള നേരേകടവ്-ഉദയനാപുരം റോഡില്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാക്കുമെന്ന് സി.കെ ആശ എം.എല്‍.എ നിരവധി തവണ നിയമസഭയുടെ ശ്രദ്ധയില്‍ പെടുത്തുകയും മുഖ്യമന്ത്രിക്കും, ധനകാര്യ-പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം കൊടുക്കുകയും ചെയ്‌തിരുന്നു.
നിലവില്‍ ഈ റോഡിന് പരമാവധി നാലു മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. നേരേകടവ്-മുതല്‍ ഉദയനാപുരം വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡ് 11 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തു നിര്‍മിക്കുന്നതിനാണ് ഇതോടെ തുടക്കമാവുക. റോഡില്‍ നിലവിലുള്ള കലുങ്കുകളും വീതി കൂട്ടി പുനര്‍നിര്‍മിക്കേണ്ടി വരും. ഈ റോഡിന്റെ നിലവിലുള്ള പരമാവധി വീതിയില്‍ ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സാങ്കേതികമായി സംഭവിക്കാവുന്ന കാലതാമസം കൂടി പരിഗണിച്ചാണ് നിലവിലെ റോഡ് അടിയന്തിരമായി നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി അനുവദിച്ചതെന്നും എം.എല്‍.എ പറഞ്ഞു. നേരേകടവ്-മാക്കേകടവ് പാലം തുറന്നു കൊടുക്കുന്നതോടെ എറണാകുളത്തേക്കും ചേര്‍ത്തലയിലേക്കുമുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇതുമാറും. അപ്പോള്‍ ഉണ്ടാകാവുന്ന വലിയ വാഹനത്തിരക്കിന് റോഡ് ഭൂമി ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കുന്നതോടെ ശാശ്വത പരിഹാരമാകും.