Tuesday, March 10, 2026 Last Updated 50 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.21 AM

പഴുക്കാനിലക്കായല്‍ തെളിക്കല്‍ നടപടികള്‍ അതിവേഗം

കോട്ടയം: മീനച്ചിലാറ്റില്‍ പ്രളയ ജലം ഉയരുന്ന 33 പഞ്ചായത്തുകള്‍ക്കും നാല്‌ നഗരസഭകള്‍ക്കും ഗുണകരമാകുന്ന പഴുക്കാനിലക്കായല്‍ തെളിക്കല്‍ നടപടികള്‍ അതിവേഗം.
മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ മുന്‍കൈയില്‍ പഴുക്കാനിലക്കായല്‍ തെളിക്കുന്ന 103.72 കോടി രൂപയുടെ പദ്ധതിക്ക്‌ ടെന്‍ഡര്‍ ക്ഷണിച്ചതോടെ നടപടികളുടെ വേഗം കൂടിയിരിക്കുകയാണ്‌. കോട്ടയം നഗരസഭയിലെ എഫ്‌ ബ്ലോക്ക്‌, തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ ജെ-ബ്ലോക്ക്‌, തിരുവായ്‌ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകള്‍ നാലു മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ പഴുക്കാനിലക്കായലില്‍ അടിഞ്ഞുകൂടിയ ചെളി ഉപയോഗിക്കും.
ഇതോടെ കഴിഞ്ഞ കാലങ്ങളില്‍ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്‌ഥാനത്ത്‌ രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റര്‍ വിസ്‌താരമുള്ള തുരുത്ത്‌ മാറ്റാനാകും. അതോടെ നദികളിലെ പ്രളയജലം വളരെ വേഗം ഒഴുകി വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. ഡോ. തോമസ്‌ ഐസക്‌ 2021ല്‍ ധനമന്ത്രിയായിരിക്കെ പദ്ധതി പ്രഖ്യാപിച്ചത്‌. തുടര്‍ന്നു പരിസ്‌ഥിതി അനുമതി നേടി 2025 നവംബറില്‍ കിഫ്‌ബി അന്തിമാനുമതി നല്‍കിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതിന്റെ തുടര്‍ച്ചയായി സാങ്കേതിക അനുമതിയും നേടി ടെന്‍ഡര്‍ നടപടികളിലേക്കു കടന്നത്‌. മുന്നു പാടശേഖരങ്ങളുടെയും ബണ്ടുകള്‍ ശക്‌തിപ്പെടുത്താനും വീതി കൂട്ടി റോഡ്‌ നിര്‍മ്മിക്കാനും കഴിയുന്നതോടെ കായലോരത്ത്‌ 17.5 കിലോമീറ്റര്‍ നീളത്തില്‍ ടൂറിസം റോഡ്‌ സാധ്യമാകും. വിനോദസഞ്ചാര മേഖലയ്‌ക്ക് കുതിപ്പുനല്‍കുന്ന പദ്ധതിയാണിത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നീളത്തില്‍ കായല്‍ അഭിമുഖമായി തുടര്‍ച്ചയായി റോഡ്‌ യാത്ര ചെയ്യാവുന്ന ഇടമായി ഇത്‌ മാറും.ആമ്പല്‍ വസന്തം ടൂറിസത്തിന്‌ പദ്ധതി കുതിപ്പുനല്‍കും. എല്ലാ സമയത്തും വള്ളങ്ങളില്‍ വിനോദസഞ്ചാര സൗകര്യം വികസിക്കുന്നതോടെ തൊഴില്‍ മേഖല വികസിക്കും. കായല്‍ തെളിക്കുന്നത്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ ഗുണകരമാകും.
വിവിധ കമ്പനികളുടെ സി.എസ്‌.ആര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നദിക്കരയിലെ പതനസ്‌ഥാനങ്ങളിലെ മുഖാരങ്ങള്‍ തെളിക്കുന്ന പ്രവര്‍ത്തനം തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ വെട്ടിക്കാട്‌ ഭാഗത്ത്‌ നടപ്പിലാക്കി വരികയാണ്‌. മീനച്ചിലാറിന്റെ മറ്റു പതനസ്‌ഥാനങ്ങളിലും സമാന പദ്ധതി നടപ്പാക്കുന്നതോടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാകുമെന്നും ഭാരവാഹികള്‍ പറയുന്നു.

Ads by Google
Advertisement
Friday 06 Feb 2026 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW