-->
രാജകുമാരി: ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമായി മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന മാത്യു സര്‍ക്കാരിന്റെ കനിവും നാട്ടുകാരുടെ സഹായവും തേടുന്നു.
ശാന്തന്‍പാറ പുത്തടി കല്ലിങ്കല്‍ മാത്യുവും കുടുംബവും ആണ് ദുരിത ജീവിതം നയിക്കുന്നത്. മാത്യുവിന്റെ ഭാര്യ എല്‍സി(58) 21 വര്‍ഷമായി ക്യാ ന്‍സര്‍ രോഗബാധിതയാണ്. 7 വര്‍ഷം മുന്‍പ് കിടപ്പിലായ എല്‍സിക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇവരോടൊപ്പമുള്ള 24 വയസുള്ള മകന്‍ അജേഷ് ഭിന്നശേഷിക്കാരനാണ്. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, അസ്‌ഥിരോഗം എന്നിവ മൂലം ബുദ്ധിമുട്ടുന്ന മാത്യുവിന് കൂലിപ്പണിക്ക് പോകാന്‍ പോലും സാധിക്കുന്നില്ല. ആകെയുണ്ടായിരുന്ന 25 സെന്റ് ഭൂമി എല്‍സിയുടെ ചികിത്സാ ചെലവിനായി പണയപ്പെടുത്തി. മകന് 2000 രൂപയും, എല്‍സിക്ക് 1000 രൂപയും പെന്‍ഷന്‍ ലഭിക്കുന്നതാണ് ഏക വരുമാനം. ഇടിഞ്ഞു വീഴാറായ ഇവരുടെ വീട്ടിലേക്ക് നടന്നു പോകാനുള്ള വഴി മാത്രമാണുള്ളത്. അതി ദരിദ്രരുടെ പട്ടികയിലാണെങ്കിലും മാത്യുവിന് ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കു മാത്യു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വീട് നല്‍കുന്നതിന് സര്‍ക്കാരിന്റെ കനിവും ഭാര്യയുടെ ചികിത്സാ ചെലവ് മുന്നോട്ടു കൊണ്ടുപോകാന്‍ നാട്ടുകാരുടെ സഹായവും തേടുകയാണ് മാത്യു. എല്‍സിയുടെ പേരില്‍ യൂണിയന്‍ ബാങ്ക് പൂപ്പാറ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 754102010003500. ഐഎഫ്‌സി കോഡ് യുബിഐഎന്‍ 0575411.