-->
അടിമാലി: കല്ലാര്‍കുട്ടി പട്ടയവിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ വേദി. കല്ലാര്‍കുട്ടി പത്ത് ചെയിന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പട്ടയ അവകാശ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ കല്ലാര്‍കുട്ടിയില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. കല്ലാര്‍കുട്ടി പട്ടയ വിഷയത്തില്‍ കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണ വേദിയെന്ന സമര സംഘടന രൂപീകരിച്ച് സമരം തുടങ്ങിയിട്ട് പത്ത് വര്‍ഷം കഴിഞ്ഞു.
വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളിലായി താമസിക്കുന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ കരയിലുള്ള നൂറുകണക്കിന് കര്‍ഷകരാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതും കാത്ത് കഴിയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താരംഭിച്ച സമരം ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്തും തുടര്‍ന്നു.
പ്രദേശത്തെ ഭൂമി അളന്ന് തിട്ടപ്പെട്ടുത്തിയത് മാത്രമാണ് ഈ വിഷയത്തില്‍ ഇതുവരെയുള്ള പുരോഗതിയെന്നും പട്ടയമെന്ന തങ്ങളുടെ സ്വപ്‌നം ഇപ്പോഴും അകന്ന് നില്‍ക്കുന്നുവെന്നും കുടുംബങ്ങള്‍ പറയുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് കല്ലാര്‍കുട്ടി പട്ടയ അവകാശ സംരക്ഷണ വേദി കല്ലാര്‍കുട്ടിയില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. ഫാ. സെബാസ്‌റ്റ്യന്‍ കൊച്ചുപുരക്കല്‍ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു. സംഘടനാ മുഖ്യരക്ഷാധികാരി ഫാ. ജോസഫ് കുറ്റിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ പ്രസാദ്, പി.വി അഗസ്‌റ്റിന്‍, ജയിന്‍സ് യോഹന്നാന്‍, കെ.ആര്‍ വിനോദ്, സെബാസ്‌റ്റ്യന്‍ കത്തിപ്പാറ, സാജു, പ്രേംകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിനില്‍ പൂര്‍ണമായി പട്ടയം നല്‍കാമെങ്കില്‍ കേവലം ഡൈവേര്‍ഷന്‍ ഡാമായ കല്ലാര്‍കുട്ടിയുടെ പത്ത് ചെയിന്‍ മേഖലയില്‍ എന്തു കൊണ്ട് പട്ടയം നല്‍കുന്നതില്‍ തടസവാദം ഉന്നയിക്കപ്പെടു ന്നുവെന്ന ചോദ്യം കര്‍ഷകര്‍ മുമ്പോട്ട് വയ്‌ക്കുന്നു.
പട്ടയ വിഷയത്തില്‍ പ്രദേശത്തെ കര്‍ഷകരോട് വഞ്ചനാപരമായ സമീപനമാണ് ഉദ്യോഗസ്‌ഥ, സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുണ്ടാകുന്നതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.