Sunday, March 15, 2026 Last Updated 51 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 11.20 AM

കണ്ണംപടിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചു

uploads/news/2026/02/824205/4.jpg

ഉപ്പുതറ: കണ്ണംപടിയില്‍ കാട്ടാനകള്‍ ആദിവാസി കര്‍ഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചു. പുന്നപാറ കണ്ടത്തിന്‍കര മോഹനന്‍, പുന്നാനിക്കല്‍ ഹരിദാസ്‌ ചന്ദ്രന്‍, കരിമ്പില്‍ ബിജു എന്നിവരുടെ തെങ്ങ്‌, കവുങ്ങ്‌, ജാതി, എത്തവാഴ തുടങ്ങിയ കൃഷികളാണ്‌ നശിപ്പിച്ചത്‌.
വനം വകുപ്പും കര്‍ഷകര്‍ സ്വന്തമായും നിര്‍മിച്ച ട്രഞ്ചുണ്ട്‌. കഴിഞ്ഞ വര്‍ഷക്കാലത്ത്‌ ഉരുള്‍ പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ചിലയിടങ്ങളില്‍ ട്രഞ്ച്‌ മൂടിപ്പോയിരുന്നു. ഇതുവഴിയാണ്‌ താങ്കളാഴ്‌ച രാത്രിയില്‍ കാട്ടാന കൃഷിയിടത്തില്‍ കയറിയത്‌. തെങ്ങ്‌ തള്ളി വീഴ്‌ത്തുന്ന ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ ബഹളം വച്ചു.
വിവരമറിഞ്ഞ്‌ എത്തിയ അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്ന്‌ പാട്ടകൊട്ടിയും ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ തുരത്തി. ചൊവ്വാഴ്‌ച രാത്രിയിലും കാട്ടാന വന്നു. വിവരമറിഞ്ഞ്‌ കിഴുകാനം സെക്ഷനില്‍ നിന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി. എല്ലാവരും ചേര്‍ന്ന്‌ ആനകളെ വനത്തിലേയ്‌ക്ക് തുരത്തി.
ബുധനാഴ്‌ച സ്‌ഥലം ഉടമകള്‍ ചേര്‍ന്ന്‌ ജെ.സി.ബി എത്തിച്ച്‌ മണ്ണ്‌ കോരി മാറ്റി ട്രഞ്ച്‌ വൃത്തിയാക്കി. ഇതുവഴി ഒഴുകുന്ന തോടിന്റെ ഭാഗം ഒഴിവാക്കിയാണ്‌ ട്രഞ്ച്‌ വൃത്തിയാക്കിയത്‌. ബുധനാഴ്‌ച രാത്രി ഇതുവഴി പുരയിടത്തില്‍ കയറി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു.
തുടര്‍ന്ന്‌ ആന കയറിയ തോടിന്റെ ഭാഗത്ത്‌ വ്യാഴാഴ്‌ച വനം വകുപ്പ്‌ സൗരോര്‍ജ വേലി സ്‌ഥാപിച്ചു. ദിവസങ്ങളായി വനാതിര്‍ത്തിയിലുള്ള രണ്ട്‌ കാട്ടാനയാണ്‌ കൃഷിയിടത്തില്‍ കയറുന്നത്‌. .കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 06 Feb 2026 11.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW