-->
ഇടുക്കി: നിയോജക മണ്ഡലത്തിലെ വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലെ പ്രധാന പൊതുമരാമത്ത് റോഡുകളുടെ ആധുനിക രീതിയിലുള്ള നവീകരണത്തി നായി 17.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു.
പ്രദേശത്തെ ഗതാഗത-വിനോദസഞ്ചാര മേഖലകള്‍ക്ക് വലിയ ഉണര്‍വ് നല്‍കുന്ന നാല് പ്രധാന പ്രവൃത്തികള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പതിനാറാംകണ്ടം - മുരിക്കാശേരി റോഡ്, കമ്പിളികണ്ടം - ചിന്നാര്‍ റോഡ്, മുരിക്കാശേരി - പടമുഖം - തോപ്രാംകുടി റോഡ് എന്നീ പ്രധാന പാതകള്‍ ഭൂരിഭാഗവും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിച്ചിരുന്നു. ഇതില്‍ ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ കൊന്നത്തടി മുതല്‍ വെള്ളത്തൂവല്‍ വരെയുള്ള റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിനായി 5 കോടി രൂപയും നേരത്തേ അനുവദിച്ചിട്ടുണ്ട്.
ഇതോടെ ഇടു ക്കിയിലെ പ്രധാന കാര്‍ഷിക മേഖലകളായ കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റോഡ് ശൃംഖല കൂടുതല്‍ ശക്‌തമാകും. മുരിക്കാശേരി, കമ്പിളികണ്ടം, കൊന്നത്തടി തുടങ്ങിയ പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതകള്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് മാറുന്നതോടെ മൂന്നാര്‍, വാഗമണ്‍, കാല്‍വരി മൗണ്ട് എന്നിവയുള്‍പ്പെടുന്ന ടൂറിസം സര്‍ക്യൂട്ടിലെ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് റോഡുകള്‍ പൂര്‍ണമായും ഉന്നത നിലവാരത്തില്‍ നവീകരിക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം ഇടുക്കി മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍. ഐ.ആര്‍.സി മാനദണ്ഡങ്ങള്‍ പാലിച്ച്, കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടും ഡ്രെയിനേജ് സംവിധാനങ്ങളോടും കൂടി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭരണാനുമതി ലഭിച്ച പ്രധാന പ്രവൃത്തികള്‍കരിമ്പന്‍ - പതിനാറാംകണ്ടം - മുരിക്കാശേരി റോഡ്: 3.15 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിന് 5 കോടി രൂപ.
കമ്പിളികണ്ടം - ചിന്നാര്‍ റോഡ്: 2.10 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിന് 3.25 കോടി രൂപ.
മുരിക്കാശേരി - പടമുഖം - തോപ്രാംകുടി റോഡ്: 2.70 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിന് 4 കോടി രൂപ.
കൊമ്പൊടിഞ്ഞാല്‍ - മരക്കാനം - കൊന്നത്തടി - അഞ്ചാംമൈല്‍ റോഡ് (എസ്.എച്ച് 44): 3 കിലോമീറ്റര്‍ ഭാഗം നവീകരിക്കുന്നതിന് 5 കോടി രൂപ.