-->
വാഴക്കുളം: മഞ്ഞള്ളൂര്‍ റൂറല്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കെതിരേ വായ്‌പാ തട്ടിപ്പുകാര്‍ വ്യാജ പരാതി നല്‍കിയതായി ആരോപണം. ബാങ്കിലെ നിക്ഷേപകനും മഞ്ഞള്ളൂര്‍ റൂറല്‍ ബാങ്ക് നിക്ഷേപക ആക്ഷന്‍ കമ്മറ്റി കണ്‍വീനറുമായ ഷാജു ജോര്‍ജിനെതിരെ മുന്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം ഡൊമിനിക് അയ്യംകോലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഷാജുവും നിരവധി നിക്ഷേപകരും ഇന്നലെ പതിനൊന്നോടെ ബാങ്കിന്റെ സമീപത്ത് ഒത്തുകൂടി മുന്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് ഇവര്‍ വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ എതിര്‍ പരാതി നല്‍കുകയും ചെയ്‌തു. നിക്ഷേപകര്‍ക്കെ തിരെ പരാതി നല്‍കിയ മുന്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗം വാഴക്കുളത്തെ പള്ളിയില്‍ കൊടിമരം സ്‌ഥാപിച്ചത് തങ്ങളെ കബളിപ്പിച്ച തുക കൊണ്ടാണെന്ന് ആരോപണം ഉന്നയിച്ച് ഇവര്‍ പള്ളിയിലും എത്തി പ്രതിഷേധിച്ചു. പ്രദേശത്തെ വിരമിച്ച അധ്യാപകന്റെ പേരില്‍ എടുത്ത വ്യാജ വായ്‌പ തുക കൊണ്ടാണ് പള്ളിയില്‍ കൊടിമരം നിര്‍മ്മിച്ചതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. 30 കോടിയോളം രൂപയുടെ എങ്കിലും വായ്‌പ തട്ടിപ്പ് സഹകരണ സംഘത്തില്‍ നടന്നതായാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാതെ നിക്ഷേപകര്‍ ദുരിതമനുഭവിക്കുകയാണ്.
ബാങ്കിലെ അധികാര സ്‌ഥാനത്തിരുന്ന് ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കോടിക്കണക്കിനു രൂപ അപഹരിച്ചതായി സഹകരണ വകുപ്പ് വിജിലന്‍സ് വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.ചികിത്സയ്‌ക്കും കുട്ടികളുടെ പഠനത്തിനും പെണ്‍മക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി നിക്ഷേപകര്‍ സൂക്ഷിച്ച പണം കൊള്ളയടിച്ചവര്‍ തന്നെ തങ്ങള്‍ക്കെതിരെ പരാതിപ്പെട്ടത് വാദിയെ പ്രതിയാക്കുന്ന വിരോധാഭാസമാണെന്ന് നിക്ഷേപക ആക്ഷന്‍ കമ്മറ്റി നേതാക്കള്‍ പറഞ്ഞു.