-->
അമ്പലപ്പുഴ: പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന അതിപുരാതന ക്ഷേത്രാചാ രമായ പള്ളിപ്പാന അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ എട്ടിന് ആരംഭിച്ച് 22ന് സമാപിക്കും. 15 ദിവസങ്ങളിലായി 25 ചടങ്ങുകളാണ് ക്ഷേത്രാങ്കണത്തില്‍ നടക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകള്‍ തനിമ നഷ്‌ടപെടാതെ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദേവചൈതന്യത്തിന് സംഭവിച്ച ദോഷങ്ങള്‍ മാറാനുള്ള ചടങ്ങുകളാണ് പള്ളിപ്പാനയില്‍ പ്രധാനമായും നടത്തുന്നത്. ഓത്തും മുറോത്തുമാണ് ഇതില്‍ പ്രധാന ചടങ്ങുകള്‍. അതോടൊപ്പം അത്യപൂര്‍വമായ നിരവധി ചടങ്ങുകളും അരങ്ങേറും. ക്ഷേത്രകുളത്തിന് തെക്ക് ഭാഗത്താണ് ചടങ്ങുകള്‍ നടക്കുന്നത്.
പള്ളിപ്പാനയുടെ കര്‍മങ്ങള്‍ ആരംഭിക്കുന്നത് കാപ്പ്‌കെട്ട് ചടങ്ങോടെയാണ്. ശ്രീബലി ബിംബമോ മറ്റ് ബിംബങ്ങളോ പള്ളിപ്പാനയുടെ യജ്‌ഞവേദിയിലേക്ക് എഴുന്നള്ളിക്കുകയില്ല. പകരം ദേവചൈതന്യം ആവഹിച്ച കോയിമ്മവടിയാണ് പള്ളിപന്തലിലേക്ക് എഴുന്നള്ളിക്കുന്നത്. ഇടൂപണബലി (ഭീഷ്‌മ ശരശയനം), രക്ഷാകലശ പൂജ, തട്ടുബലി (മറുകിട്ട്‌ചാറ്റ്), അന്തിപ്പേ കാവലേറല്‍, പാന പിടുത്തം, ബ്രഹ്‌മന്‍ പുറപ്പാട്, നിണബലി (കാളികൂടം തുള്ളല്‍), കിടങ്ങു ബലി (കിടുകു ബലി), കാലന്‍ കോലം, ശാസ്‌താം പുറപ്പാട്, ചെറിയ കൂമ്പുബലി, വലിയ കൂമ്പുബലി, ആഴിപ്പേ (ആഴിബലി), ദിക്കുബലി, അടവിവരവ്, മധു എഴന്ഥുന്നള്ളിപ്പ്, കാളിയും ദാരികനും വരവ് (ഭൈരവി കോലം എഴുന്നള്ളിപ്പ്) പുറക്കളത്തില്‍ ഗുരുതി.
കാപ്പഴിക്കലും കോഴിയെ പുറത്തെടുക്കലും, ഗുരുതി, ഭാരതം തുള്ളല്‍ എന്നിവയാണ് അനുബന്ധ ചടങ്ങുകള്‍. പള്ളിപ്പാന ചടങ്ങുകള്‍ക്ക് ശേഷം 26 മുതല്‍ മാര്‍ച്ച് അഞ്ച് വരെ ക്ഷേത്രത്തില്‍ ദ്രവ്യകലശം ചടങ്ങുകള്‍ നടക്കും. മാര്‍ച്ച് ആറിന് ഉത്സവം കൊടിയേറും. ദ്രവ്യകലശ ചടങ്ങുകള്‍ നാലമ്പലത്തിനുള്ളിലാണ് നടക്കുന്നത്.
ചടങ്ങുകളുടെ വിശദവിവരങ്ങള്‍ പള്ളിപ്പാനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ന്ദന്ദന്ദ.ന്റണ്ഡ്വന്റന്റണ്മഗ്മന്മന്റന്ധനുണ്ഡണ്മനുണ്മന്റദ്ധണ്മണ്മന്റന്റ2026.്യഗ്നണ്ഡ എന്ന വിലാസത്തില്‍ ലഭ്യമാണ്. പള്ളിപ്പാനയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പള്ളിപ്പാന സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കൊട്ടാരം ഉണ്ണിക്കൃഷ്‌ണന്‍, ജനറല്‍ കണ്‍വിനര്‍ റ്റി.ആര്‍. രാജീവ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ഹരികുമാര്‍, കണ്‍വീനര്‍ സരീഷ് ദേവപുരം, ദേവസ്വം അസിസ്‌റ്റന്റ് കമ്മീഷണര്‍ വി. ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.