-->
ആലപ്പുഴ: പെന്‍സില്‍ കുത്തിക്കയറി വൃഷണത്തില്‍ പരുക്കേറ്റ രണ്ടാം ക്ലാസുകാരന്റെ സ്വകാര്യഭാഗത്തിന്റെ ചിത്രമെടുത്ത് പ്രചരിപ്പിച്ചെന്ന പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ വീഴ്‌ച വരുത്തിയ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ നേരിട്ട് ഹാജരായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മാര്‍ച്ചില്‍ ആലപ്പുഴ പി.ഡബ്ല്യു.ഡി. റസ്‌റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത നിര്‍ദേശം നല്‍കി. തീയതി പിന്നീട് അറിയിക്കും.
പള്ളാത്തുരുത്തി ഇളംകാവ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ഇരിപ്പിടത്തില്‍ സഹവിദ്യാര്‍ഥി വച്ച പെന്‍സില്‍ കുത്തിക്കയറി വൃഷണസഞ്ചിയില്‍ പരുക്കേറ്റ സംഭവുമായി ബന്ധപ്പെട്ടാണ് പരുക്കേറ്റ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്തിന്റെ ചിത്രം പെന്‍സില്‍ വച്ച വിദ്യാര്‍ഥിയുടെ അമ്മ മൊബൈല്‍ ഫോണില്‍ പകത്തിയത്. പരുക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും ചിത്രമെടുത്തതില്‍ ദുരുദ്ദേശമില്ലെന്ന് കണ്ടെത്തിയതായി ആലപ്പുഴ ഡിവൈ.എസ്.പി. കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം കേസന്വേഷിച്ചു. പരാതിയുടെ അടിസ്‌ഥാനത്തില്‍ കാര്യക്ഷമമായി അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കുന്നതില്‍ ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ. വീഴ്‌ച വരുത്തിയതായി കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്ന് സൗത്ത് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത 930/2025 നമ്പര്‍ കേസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ആലപ്പുഴ ഡി.സി.ആര്‍.ബി ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ചിത്രമെടുത്ത മൊബൈല്‍ഫോണ്‍ ബന്തവസിലെടുത്ത് ശാസ്‌ത്രീയ പരിശോധനക്ക് ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരുക്കേറ്റ കുട്ടിയുടെ നിക്കര്‍ ബലമായി താഴ്‌ത്തി മാതാപിതാക്കളുടെ സമ്മതമില്ലാതെ ചിത്രം എടുത്തെന്ന് തെളിഞ്ഞിട്ടുണ്ട്.
പരാതി കിട്ടിയിട്ടും യഥാസമയം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ ജാഗ്രത കാണിച്ചില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കമ്മിഷന്‍ അന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭവദിവസമായ 2025 ജനുവരി 13 ന് ശേഷം ആലപ്പുഴ സൗത്ത് പോലീസില്‍ എസ്.എച്ച്.ഒ. ആയിരുന്ന ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷണനടപടികള്‍ സ്വീകരിക്ക ണമെന്നും അന്വേഷണ വിഭാഗം ശിപാര്‍ശ ചെയ്‌തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുഖാന്തരമാണ് എസ്.എച്ച്.ഒക്ക് കമ്മിഷന്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.