Wednesday, March 11, 2026 Last Updated 27 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.43 AM

വിമാനത്താവള സ്‌ഥലമേറ്റെടുപ്പ്‌: ഹിയറിങ്ങ്‌ ബഹിഷ്‌കരിച്ച്‌ ഭൂവുടമകള്‍

uploads/news/2026/02/824156/1.jpg

കെ പി അനില്‍കുമാര്‍
മട്ടന്നൂര്‍

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന്‌ സ്‌ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങ്ങ്‌ ബഹിഷ്‌കരിച്ച്‌ ഭൂവുടമകള്‍. വീട്‌ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ 2008ലുള്ള നഷ്‌ടപരിഹാര പാക്കേജില്‍ നിന്ന്‌ പിന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ്‌ ഹിയറിങ്ങില്‍ നിന്ന്‌ വിട്ടുനിന്നത്‌. പകരം ഭൂവുടമകള്‍ കളക്‌ടര്‍ക്ക്‌ നിവേദനം നല്‍കി. പുനരധിവാസത്തിനുള്ള കരട്‌ പദ്ധതി അന്തിമമാക്കുന്നതിനാണ്‌ കീഴല്ലൂര്‍ പഞ്ചായത്ത്‌ ഓഫീസില്‍ രണ്ടു ദിവസത്തെ ഹിയറിങ്ങ്‌ നടത്തുന്നത്‌.
കീഴല്ലൂര്‍,കാനാട്‌ ദേശങ്ങളിലെ വീട്‌ നഷ്‌ടപ്പെടുന്ന 80ഓളം പേരെയാണ്‌ വ്യാഴാഴ്‌ച ഹിയറിങ്ങിന്‌ വിളിച്ചത്‌. ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍.എ.) എ.കെ.അനീഷിന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങിയപ്പോള്‍ സഹകരിക്കില്ലെന്നും രേഖകള്‍ ഹാജരാക്കില്ലെന്നും ഭൂവുടമ കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഹിയറിങ്ങ്‌ നടന്നില്ലെങ്കില്‍ സ്‌ഥലമേറ്റെടുപ്പ്‌ നടപടി നിലക്കുമെന്നും ആദ്യം മുതലുള്ള നടപടിക്രമങ്ങള്‍ വീണ്ടും വേണ്ടിവരുമെന്നും ഡെപ്യൂട്ടി കളക്‌ടര്‍ പറഞ്ഞു. എന്നാല്‍ 2008ലെ പാക്കേജ്‌ പ്രകാരം നഷ്‌ടപരിഹാരം ലഭ്യമാക്കാതെ സ്‌ഥലമേറ്റെടുപ്പുമായി സഹകരിക്കില്ലെന്ന്‌ ഭൂവുടമകള്‍ വ്യക്‌തമാക്കി.കാനാട്‌, കീഴല്ലൂര്‍ മേഖലയില്‍ 245 ഏക്കര്‍ ഭൂമിയാണ്‌ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
നിലവിലുള്ള റണ്‍വേ 3050 മീറ്ററില്‍നിന്നും 4000 മീറ്ററാക്കി ദീര്‍ഘിപ്പിക്കുന്നതിന്‌ ഏകദേശം 99.3235 ഹെക്‌ടര്‍ (245 ഏക്കര്‍) സ്വകാര്യഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. കുടിയൊഴിപ്പിക്കുന്ന 159 കുടുംബങ്ങള്‍ക്ക്‌ 10 സെന്റ്‌ ഭൂമി വീതം നല്‍കുന്നതിന്‌ കൂടാളി,കീഴല്ലൂര്‍ വില്ലേജുകളിലായി 36.18 ഏക്കര്‍ സ്‌ഥലമേറ്റെടുക്കാന്‍ വിഞ്‌ജാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിലവില്‍ വീട്‌ നഷ്‌ടപ്പെടുന്നവര്‍ക്ക്‌ 9.6 ലക്ഷം രൂപ മാത്രമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഭൂമിയുടെ വില വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഈ തുക കൊണ്ട്‌ പുനരധിവാസത്തിനുള്ള സ്‌ഥലം ലഭിക്കില്ലെന്ന്‌ ഭൂവുടമകള്‍ പറയുന്നു. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക്‌ 10 സെന്റ്‌ ഭൂമിയോ 25 ലക്ഷം രൂപയോ അനുവദിക്കുക, വീടുകളുടെയും നിര്‍മിതികളുടെയും കാലപ്പഴക്കം കണക്കാക്കാതെ പി.ഡബ്ല്യു.ഡി. നിരക്ക്‌ പ്രകാരം വില കണക്കാക്കുക,പാക്കേജ്‌ പ്രകാരം കെട്ടിടങ്ങളുടെ ഉപയോഗയോഗ്യമായ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ കര്‍മസമിതി ഉന്നയിച്ചത്‌. ഭൂവുടമകള്‍ക്ക്‌ ഉചിതമായ നഷ്‌ടപരിഹാര പാക്കേജ്‌ അനുവദിച്ച്‌ ഉടന്‍ സ്‌ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കീഴല്ലൂര്‍ പഞ്ചായത്ത്‌ ഭരണസമിതിയും അധികൃതര്‍ക്ക്‌ നിവേദനം നല്‍കി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സജീവന്‍,കര്‍മസമിതി ഭാരവാഹികളായ പി.കെ.ചന്ദ്രന്‍,പി.സി.വിനോദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍.എ.) വി.ഷിനു,ജൂനിയര്‍ സൂപ്രണ്ട്‌ കെ.ഷാനി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 06 Feb 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW