-->
കോട്ടയം: പൊന്നാണ്, വിലയിലും പൊന്നാണ്, ഉത്സവം, പെരുന്നാള്‍, യാത്രകള്‍, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇറങ്ങുമ്പോള്‍ കരുതല്‍ വേണമെന്നു പോലീസ്. ആളുകൂടുന്ന സ്‌ഥലങ്ങളെല്ലാം കള്ളന്‍മാര്‍ക്ക് വന്‍ വിരുന്നാകുന്ന സാഹചര്യമാണ്. ഉത്സവങ്ങളിലും പെരുന്നാള്‍ പറമ്പുകളിലും മോഷണം വര്‍ധിക്കുന്നതായാണ് വിവരം. ഒരു കമ്മലിന്റെ മൊട്ടിനു പോലും പതിനായിരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ജാഗ്രത ഏറെ വേണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.
ആള്‍ക്കൂട്ടങ്ങള്‍ ലക്ഷ്യമാക്കി പ്രത്യേക മോഷണ സംഘം ജില്ലയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.. വില ലക്ഷം കടന്നതോടെയാണ് സ്വര്‍ണം ലക്ഷ്യമാക്കി കള്ളന്‍മാര്‍ ഇറങ്ങുന്നത്. ഉത്സവ പറമ്പുകളില്‍ കടലക്കച്ചവടവും ബലൂണ്‍ കച്ചവടുമൊക്കെയായി വരുന്നവരെ ഉള്‍പ്പെടെ കരുതണമെന്നാണു പോലീസ് നിര്‍ദേശം. തിരക്കില്‍ മാല കൈക്കലാക്കാന്‍ സ്‌ത്രീ മോഷ്‌ടാക്കളും ഇറങ്ങിയിട്ടുണ്ട്. ചില ഉത്സവപ്പറമ്പുകളില്‍ പതിവ് മോഷ്‌ടാക്കളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ കൂട്ടാളികള്‍ വിലസുന്നുണ്ടത്രേ.
സ്വര്‍ണാഭരണങ്ങള്‍ വീടുകളില്‍ കരുതുമ്പോള്‍ ജാഗ്രത വേണമെന്നു പോലീസ് നിര്‍ദേശിക്കുന്നു. അത്യാവശ്യ ആവശ്യത്തിനു ശേഷമുള്ള സ്വര്‍ണം ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുന്നതാണ് അഭികാമ്യം.കുട്ടികളെ ആഭരണം അണിയിക്കുന്നതും അണിയിച്ച് ആള്‍ക്കൂട്ട പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിലും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം.
സ്വര്‍ണ വില കൂടിയതോടെ, സഹകരണ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ജ്വലറികള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിക്കേണ്ട അവസ്‌ഥയിലാണ്. 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാനും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുമുള്ള നീക്കത്തിലാണ് മിക്ക സ്വര്‍ണ പണമിടപാടു സ്‌ഥാപനങ്ങളും.
പോലീസ് ജാഗ്രതാ
നിര്‍ദേശങ്ങള്‍ ഇങ്ങനെ
സ്വര്‍ണം അത്യാവശ്യത്തിനു മാത്രം ധരിക്കുക, സ്വര്‍ണം ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, സ്വര്‍ണം വസ്‌ത്രത്തില്‍ പിന്‍ ചെയ്‌ത് ഉറപ്പിക്കുക.
ഉത്സവപ്പറമ്പുകളിലും മറ്റു തിരക്കുള്ള ഇടങ്ങളിലും സ്വര്‍ണം ഒഴിവാക്കുക.
പ്രായമായവരാണ് കൂടുതല്‍ സ്വര്‍ണം ധരിക്കുന്നതിനാല്‍ അവരുടെ വീടുകള്‍ കേന്ദ്രീകരിച്ചും മോഷണം നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണം.
ഒരു തരി സ്വര്‍ണമെങ്കിലും മോഷ്‌ടിക്കപ്പെട്ടതായി അറിഞ്ഞാല്‍ പോലീസില്‍ വിവരം അറിയിക്കുക.
കുറച്ചു സ്വര്‍ണമാണെങ്കില്‍ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുക, സേഫ് ലോക്കര്‍ ഉപയോഗിക്കുക, അല്ലെങ്കില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുക.
വീടിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുക. വീട് പൂട്ടി പോകുന്നവര്‍ സ്വര്‍ണം വീട്ടില്‍ നിന്ന് മാറ്റിവയ്‌ക്കാന്‍ ശ്രദ്ധിക്കുക.
കുടുംബസമേതം ദൂര യാത്ര പോകുമ്പോള്‍ അടുത്തുള്ള പോലീസ് സേ്‌റ്റഷനില്‍ അറിയിക്കുക, അല്ലെങ്കില്‍ പൊലീസിന്റെ ലോക്‌ഡ് ഹൗസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌ത്, അതില്‍ കയറി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക.
വീട്ടില്‍ ആളില്ലെന്ന പ്രതീതി ഉണ്ടാക്കരുത്.