-->
കോട്ടയം: ശ്രീനാരായണ ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായി സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
1928 ജനുവരി 19ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീര്‍ഥാടനമെന്ന ആശയം ഗുരുവിന് മുന്നില്‍ ശിഷ്യര്‍ വയ്‌ക്കുന്നത്. ശിഷ്യരില്‍ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ.കിട്ടന്‍ റൈറ്റര്‍ എന്നിവരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരു അനുമതി നല്‍കുന്നത്.ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വ്യക്‌തി ജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാനും സമൂഹിക നില മെച്ചപ്പെടുത്താനും വേണ്ടിയുള്ളതാണ്. അന്തര്‍ദേശീയതീര്‍ത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തിനെ ഉയര്‍ത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വദര്‍ശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാനവികതയുടെ തീര്‍ഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം ഉയരും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എന്‍. ബാലഗോപാലിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിതെന്നും മന്ത്രി പത്രകുറിപ്പില്‍ പറഞ്ഞു. പദ്ധതി തയാറാകുന്നതോടെ,ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഭക്‌തരുടെ നിറ സാന്നിധ്യമുണ്ടാകും.
ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമാവുന്നതിനൊപ്പം റോഡ്-റെയില്‍വേ വികസനത്തിന് കരുത്ത് പകരും വിദേശികളടക്കം നാഗമ്പടത്തിന്റെ ചരിത്രം പഠിക്കാന്‍ എത്തും.ക്ഷേത്ര പരിസരത്ത് മ്യൂസിയം അടക്കം തുടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നതിനൊപ്പം തീര്‍ഥാടക ടൂറിസത്തിന്റെ കണ്ണിയായി മാറുകയും ചെയ്യും.