-->
കുഞ്ചിത്തണ്ണി: എല്ലക്കല്‍-മുല്ലക്കാനം റോഡ് നിര്‍മാണ സ്‌തംഭനത്തിനെതിരെ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും ധര്‍ണ സമരവും ഇന്ന് രാവിലെ 10.30 ന് തേക്കിന്‍കാനത്ത് സംഘടിപ്പിക്കുമെന്ന് സമിതി ഭാരവാഹികളായ ബെന്നി പാലക്കാട്ട്, വി.കെ. മാത്യു, ജോസഫ് വട്ടോത്ത്, ജോഷി കന്യാക്കുഴി, വി.വി ബാബു എന്നിവര്‍ അറിയിച്ചു.
മലയോര ഹൈവേയുടെ ഭാഗമായി എല്ലക്കല്‍ മുതല്‍ മുല്ലക്കാനം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന റോഡും എല്ലക്കല്ലില്‍ മുതിരപ്പുഴയാറിന് കുറുകെ പുതിയ പാലവും നിര്‍മിക്കുന്നതിനായി 39 കോടി രൂപ അനുവദിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം ആരംഭിച്ചതാണ്. ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും ഡിപ്പാര്‍ട്ടുമെന്റിലേക്ക് നിരവധി നിവേദനങ്ങളും സമര്‍പ്പിച്ചെങ്കിലു യാതൊരു പരിഹാരവുമാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് കിങ്ങിണി രാജേന്ദ്രന്‍ ചെയര്‍പഴ്‌സനായും വി.കെ മാത്യു ജനറല്‍ കണ്‍വീനറായും റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആസൂത്രണം ചെയ്‌തത്. അതിന്റെ ഒന്നാംഘട്ടമായി ഇന്ന് തേക്കിന്‍കാനം ജങ്‌ഷനില്‍ ഉപരോധ സമരം സംഘടിപ്പിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ റോഡില്‍ രണ്ട് കിലോമീറ്ററില്‍ താഴെ ദൂരമാണ് ഭാഗികമായി ടാര്‍ ചെയ്‌തത്.
പാലത്തിന്റെ പണി ആരംഭിച്ചിട്ടില്ല. അടുത്ത മഴക്കാലത്തിന് മുമ്പ് തൂണുകള്‍ ഉയര്‍ത്തിയില്ലെങ്കില്‍ പാലം പണിയും പ്രതിസന്ധി യിലാവും. കരാറുകാരേയും, സൂപ്പര്‍വൈസര്‍മാരേയും വിളിച്ചാല്‍ എടുക്കാറില്ലെന്നും സൂപ്പര്‍വൈസര്‍മാരെ തുടരെ തുടരെ മാറ്റുകയുമാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. നിരവധി ടൂറിസ്‌റ്റുകള്‍ സഞ്ചരിക്കുന്ന മൂന്നാര്‍-തേക്കടി റോഡിന്റെ ഭാഗമായ ഈ റോഡിലൂടെ സര്‍വീസ് ബസ് ഓടിയിട്ട് മൂന്ന് വര്‍ഷമായി ഗവ.ഐ ടി ഐ, സാന്‍ജോ കോളജ് എന്നീ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഗതാഗത സംവിധാനമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഗതാഗത സൗകര്യമില്ലാത്തത് ഈ സ്‌ഥാപനങ്ങളിലെ അഡ്‌മിഷനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തരമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഡ് ഉപരോധം സംഘടിപ്പിക്കുന്നത്. സമരസമിതി കണ്‍വീനര്‍ വി.കെ. മാത്യു അധ്യക്ഷത വഹിക്കുന്ന സമരം രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും.
ഫാ.ജോബിന്‍ പേണാട്ടുകുന്നേല്‍, ഫാ. ജോണ്‍ കലൂര്‍, ഫാ.എബിന്‍ ആയിലുമാലില്‍, ബാബു ജോസഫ്, പി.ജി. സുകുമാരന്‍, അജയന്‍ മാടപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.