-->
മൂലമറ്റം: മൂലമറ്റത്തും സമീപപ്രദേശത്തുമായി രണ്ട് സ്‌ഥലങ്ങളില്‍ തീപിടിത്തം ഉണ്ടായി. ഉച്ചയ്‌ക്ക് പന്ത്രണ്ടേകാലിന് ആയിരുന്നു ആദ്യത്തെ തീപിടിത്തം. കുടയത്തൂര്‍ അന്ധവിദ്യാലയത്തിന് സമീപം സോഷ്യല്‍ ഫോറസ്‌ട്രി നേഴ്‌സറിയോട് ചേര്‍ന്നു കിടക്കുന്ന വനമേഖലയിലാണ് ആദ്യം തീപിടിച്ചത്. സമീപവാസികള്‍ തീ അണയ്‌ക്കുവാന്‍ നോക്കിയെങ്കിലും സാധിക്കാത്തതിനാല്‍ സഹായത്തിനായി അഗ്നി രക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂലമറ്റത്തുനിന്നും സേനാംഗങ്ങള്‍ സ്‌ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴി ആയതിനാല്‍ വലിയ വാഹനം തീ പടര്‍ന്ന പ്രദേശത്ത് എത്തിക്കാന്‍ പറ്റിയില്ല.
തുടര്‍ന്ന് ജീപ്പില്‍ സ്‌ഥലത്തെത്തിയ സേനാംഗങ്ങള്‍ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് അരമണിക്കൂറോളം പ്രയത്നിച്ചു തീ പൂര്‍ണമായും അണക്കുകയായിരുന്നു. തീപിടുത്തത്തില്‍ ചെറിയ രീതിയില്‍ കുറ്റിച്ചെടികള്‍ കത്തിനശിച്ചു. ഈ പ്രദേശങ്ങളില്‍ സമീപകാലത്തും തീപിടിത്തം ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ തീപിടുത്തം ഉണ്ടായത് ഉച്ചയ്‌ക്ക് ഒന്നേകാലിന് ആയിരുന്നു. മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിക്ക് എതിര്‍വശം ആള്‍താമസം ഇല്ലാത്ത വീടിനോട് ചേര്‍ന്ന് കിടക്കുന്ന പറമ്പിലാണ് തീ പിടിച്ചത്.
ചപ്പുചവറുകള്‍ വൃത്തിയാക്കി കത്തിക്കുന്നതിനിടെ തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു. മൂലമറ്റം സ്വദേശിയായ മേക്കല്ലായില്‍ ദാമോദരന്റെ ഉടമസ്‌ഥതയില്‍ ഉള്ളതാണ് വീട്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ രാജന്‍ ആണ് വിവരം അഗ്നി രക്ഷാ സേനയില്‍ അറിയിച്ചത്. ഉടന്‍തന്നെ സ്‌ഥലത്തെത്തിയ സേനാംഗങ്ങള്‍ പറമ്പിലെ തീ അണയ്‌ക്കുന്നതിനോടൊപ്പം തന്നെ വീട്ടിലേക്ക് തീ പടരാതെ സംരക്ഷിക്കുകയും ചെയ്‌തു. തീ ആളിപ്പടര്‍ന്ന സമയത്ത് വീടിന് മുകളില്‍ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ പഴയ വാട്ടര്‍ ടാങ്കിന് തീ പിടിച്ചെങ്കിലും സേനയുടെ ഇടപെടലില്‍ അതിലെ തീയും കെടുത്തി.
ഏകദേശം അരമണിക്കൂര്‍ സമയം പ്രയത്നിച്ചാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. സ്‌റ്റേഷന്‍ ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ജിന്‍സ് മാത്യു, ബിബിന്‍ എ തങ്കപ്പന്‍, ജിബി പി വരമ്പനാട്ട്, റോയി മാത്യു, കെ സന്ദീപ്, ജെയിംസ് തോമസ്, സതീഷ് കുമാര്‍ എം ടി എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. പലപ്പോഴും അശ്രദ്ധമായി തീയിടുന്നതാണ് തീ പടരാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ചപ്പുചവറുകള്‍ വെട്ടി വൃത്തിയാക്കി തീയിടുമ്പോള്‍ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. തീ പടര്‍ന്നു പിടിച്ചാല്‍ അണയ്‌ക്കുന്നതിനായി പാത്രങ്ങളില്‍ വെള്ളം കരുതേണ്ടതാണ്. കൂടാതെ പച്ചിലത്തൂപ്പുകള്‍ ഉപയോഗിച്ചും തീ അടിച്ചു കെടുത്താവു ന്നതാണ്. വിറകുകൊള്ളികള്‍ പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ ഉപേക്ഷിക്കാന്‍ പാടുള്ളൂ. നല്ല ചൂടുള്ള സമയത്ത് ചപ്പുചവറുകള്‍ കത്തിക്കു ന്നത് ഒഴിവാക്കുക. തീ അണയ്‌ക്കുന്ന സമയത്ത് പുകയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം പുക ശ്വസിച്ച് ബോധംകെട്ട് തീയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണാതീതമായാല്‍ ഉടന്‍തന്നെ അഗ്നി രക്ഷാ സേനയില്‍ വിവരം അറിയിക്കണം.