-->
പീരുമേട്: തോട്ടംമേഖലയിലെ കുട്ടികളുടെ ആശ്രയമായ കരടിക്കുഴി എല്‍.പി സ്‌കൂള്‍ അധ്യാപകരും കുട്ടികളും കുരങ്ങന്‍മാരെ കൊണ്ട് പൊറുതിമുട്ടി.
243 കുട്ടികളും 13 അധ്യാപക അനധ്യാപകരുമുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനമാണ് കുരങ്ങന്‍മാരുടെ ശല്യത്തില്‍ മുടങ്ങുന്നത്. രാവിലെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുമ്പോഴും ഉച്ചഭക്ഷണ സമയത്തുമാണ് കുരങ്ങന്‍മാരുടെ വിളയാട്ടം. കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ ഭക്ഷണത്തിനായി കുട്ടികളെ ഭയപ്പെടുത്തി അവ തട്ടിയെടുക്കും.
പ്രവര്‍ത്തന മികവില്‍ ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച കലാരൂപങ്ങളും പൂന്തോട്ടം, പച്ചക്കറി കൃഷി തോട്ടവും കുരങ്ങന്‍മാര്‍ നശിപ്പിച്ചു. ഓഫീസ്, ക്ലാസ് മുറികള്‍ക്കുള്ളിലും ഇവ വിരാജിക്കുന്നു. വനം വകുപ്പില്‍ അധികൃതര്‍ പരാതി നല്‍കിയെങ്കിലും അവര്‍ കൈമലര്‍ത്തുകയാണ്. എത്രയും വേഗം കുരങ്ങുകളെ തുരത്തി കുട്ടികള്‍ക്ക് സമാധാനമായി പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.