-->
കുട്ടനാട്: കിടങ്ങറ ഗവ. സ്‌കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും അവര്‍ക്ക് യാത്ര സൗകര്യം ഒരുക്കാനുമായി സ്‌കൂള്‍ പി.ടി.എ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതി പൊളിഞ്ഞതോടെ ജില്ലാ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്‌ടം.
കായംകുളം എം.എല്‍.എ. യു. പ്രതിഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന 2013 കാലഘട്ടത്തില്‍ മുന്‍കൈയെടുത്ത് വാങ്ങി നല്‍കിയ ബസ് 2018 ലെ പ്രളയത്തില്‍ മുങ്ങി എന്‍ജിന്‍ ഉള്‍പ്പടെ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തതോടെയാണ് ലേലത്തിനുവച്ചത്.
ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ ബസ് വെറും 84,000 രൂപയ്‌ക്കാണ് ലേലത്തില്‍ പോയത്. 2013 കാലഘട്ടത്തില്‍ അന്നത്തെ സ്‌കൂള്‍ പി.ടി.എയുടെ അപേക്ഷപ്രകാരം ആയിരുന്നു ബസ് വാങ്ങിയത്.
ഡീസലിനു വേണ്ടി വരുന്ന ചെലവിന് പുറമേ ഡ്രൈവറുടെയും ആയയുടെയും ശമ്പളവും സ്‌കൂള്‍ പി.ടി.എ കണ്ടെത്തണമെന്ന വ്യവസ്‌ഥയില്‍ ആയിരുന്നു ബസ് വാങ്ങിയത്.
ഇതിന്റെ ഭാഗമായി കുട്ടികളില്‍ നിന്നും ഫീസ് വാങ്ങിയിരുന്നു. എന്നാല്‍ ഇത് ഒന്നിനും തികഞ്ഞിരുന്നില്ല. സ്‌കൂളിലെ അധ്യാപകരും കൂടെ ചേര്‍ന്ന് 2018 വരെ ബസ് സര്‍വീസ് കൊണ്ടുപോ യെങ്കിലും പിന്നീട് പ്രളയംവരുകയും ബസ് മുങ്ങി കേടുപാട് സംഭവിക്കുകയും ചെയ്‌തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ബസ് ലേലത്തില്‍ വയ്‌ക്കാനായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചു. തുടര്‍ന്ന് ലേലവും നടന്നു. ജില്ലാ പഞ്ചായത്തിന്റെ അവസാന അനുമതി ലഭിക്കുന്നതോടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും ബസ് നീക്കം ചെയ്യും.