-->
ആലപ്പുഴ: വേനല്‍ ശക്‌തമാകും മുമ്പേ ജില്ലയുടെ ഗ്രാമീണമേഖലകളില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പാചകത്തിനും മറ്റുമായി കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്‌ഥയിലാണ് ജനം.
ജലാശയങ്ങളില്‍ ഉള്‍പ്പടെ വെള്ളമില്ലാതായതോടെ ജനം വലയുകയാണ്. ജില്ലയില്‍ കുട്ടനാട്, അരൂര്‍, കുത്തിയതോട്, പള്ളാത്തുരുത്തി, അമ്പലപ്പുഴ, മാന്നാര്‍ എന്നിവിടങ്ങളില്‍ കുടി വെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജല അതോറിട്ടി ഓഫീസുകളില്‍ പ്രതിഷേധിച്ചിരുന്നു.
കുത്തിയതോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്റെ ഭാഗമായ ചാപ്പക്കടവില്‍ കുടിവെളളം നിലച്ചിട്ട് രണ്ടു മാസമായി. അരൂര്‍ - തുറവൂര്‍ ഉയരപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കാനയ്‌ക്ക് കുഴിയെടുക്കുമ്പോള്‍ അടിക്കടി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പും അനുബന്ധ പൈപ്പുകളും പൊട്ടുന്നത് പതിവാണ്.
അരൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ 25 ദിവസമായി ശുദ്ധജല വിതരണം തടസപ്പെട്ടിരിക്കുകയാണ്. കായലോരത്തും കടലോരത്തും പഴകിനശിച്ച പൈപ്പുകളാണുള്ളത്. ഇത് മാറ്റി പുതിയ കുടിവെള്ള വിതരണ പൈപ്പുകള്‍ സ്‌ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ലാത്തതിനാല്‍ ഒഴിഞ്ഞ കുടങ്ങളും പാത്രങ്ങളുമായി സ്‌ത്രീകള്‍ പ്രതിഷേധിച്ചു. അടിയന്തിരമായി കലക്‌ടര്‍ ഇടപെട്ട് വാഹനങ്ങളില്‍ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാത വികസനത്തിന്റെ പേരില്‍ പലയിടങ്ങളിലും കുടിവെള്ളപൈപ്പ് ഇത്തരത്തില്‍ പൊട്ടുന്നതിനാല്‍ വിവിധയിടങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ല.
കുത്തിയതോട് പഞ്ചായത്തിലെ തീരപ്രദേശമായ പള്ളിത്തോട്ടിലെ ചാപ്പക്കടവിലെ രൂക്ഷമായ കുടിവെള്ളക്ഷാമായതിനെ തുടര്‍ന്ന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ജിനി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ത്തല ജല അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
ചാപ്പക്കടവില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കുടിവെള്ള പ്രശ്‌നം മൂലം പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായിരിക്കുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. കുടിവെള്ളം പോലും ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകൂടം എന്ത് വികസനജാഥയാണ് നടത്തുന്നതെന്ന് സമരം ഉദ്‌ഘാടനം ചെയ്‌ത കെ.പി.സി.സി സെക്രട്ടറി എസ്. ശരത് പരിഹസിച്ചു.
അടിയന്തരമായി താല്‍ക്കാലിക സംവിധാനം ഒരുക്കാമെന്നും പൂര്‍ണതോതില്‍ പമ്പിങ് ആരംഭിച്ച് വെള്ളിയാഴ്‌ച മുതല്‍ ചാപ്പക്കടവ് മേഖലയിലെ കുടിവെള്ളവിതരണം പുന:സ്‌ഥാപിക്കാമെന്നും ജല അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കി.
മുഹമ്മ മേഖലയില്‍ പലയിടത്തും ദിവസങ്ങളായി ശുദ്ധജല വിതരണം നിലച്ചിട്ടും ബദല്‍ സംവിധാനമൊരുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി മാവിന്‍ചുവട് കപ്പേള റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോര്‍ച്ച പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ 28 മുതല്‍ ഫെബ്രുവരി ഒന്ന് വരെ ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന് അസോസിയേഷന്‍ ആരോപിച്ചു.