Wednesday, March 11, 2026 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.37 AM

ചാലിയാര്‍ തീരത്ത്‌ പുതിയ ടൂറിസം പദ്ധതി; വനം വകുപ്പ്‌ അധികൃതര്‍ സ്‌ഥലപരിശോധന നടത്തി

uploads/news/2026/02/823986/1.jpg

മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട ചാലിയാര്‍ തീരത്തെ വനഭൂമി പ്രയോജനപ്പെടുത്തി പുതിയ ടൂറിസം പദ്ധതിക്ക്‌ വഴിതെളിയുന്നു. ചെറുവാടി കടവില്‍ ചാലിയാറിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന ഒരേക്കറോളം വനഭൂമിയും സമീപത്തെ പുറമ്പോക്ക്‌ ഭൂമിയും പ്രയോജനപ്പെടുത്തിയാണ്‌ പദ്ധതി ഒരുങ്ങുന്നത്‌. ഇതിന്റെ ഭാഗമായി വനം വകുപ്പ്‌ പീടികപ്പാറ സെക്ഷന്‍ ഓഫീസര്‍ കെ.കെ സജികുമാര്‍, ഉദ്യോഗസ്‌ഥരായ ടി. ബിനോയി, ഇ. എഡിസണ്‍, കെ. ബിനീത്‌ എന്നിവര്‍ സ്‌ഥലപരിശോധന നടത്തി.
വാര്‍ഡ്‌ മെമ്പര്‍ എസ്‌.എ നാസര്‍ ഒരാഴ്‌ച മുമ്പ്‌ ഡി.എഫ്‌.ഒ യുമായി വിഷയം സംസാരിക്കുകയും ഡി.എഫ്‌.ഒ സ്‌ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സെക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ പ്രയോജനപ്രദമായ ഒരു പാര്‍ക്കാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ എസ്‌.എ നാസര്‍ പറഞ്ഞു. സ്‌ഥലം പരിശോധിച്ചതായും റിപ്പോര്‍ട്ട്‌ 2 ദിവസത്തിനകം ഡി.എഫ്‌.ഒക്ക്‌ കൈമാറുമെന്നും സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസര്‍ കെ.കെ സജികുമാര്‍ പറഞ്ഞു. സ്‌ഥലം സര്‍വേ നടത്തി തിട്ടപ്പെടുത്തേണ്ടതുണ്ടന്നും തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്‌ മേലുദ്യോഗസ്‌ഥരാണന്നും അദ്ധേഹം പറഞ്ഞു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര മേഖലക്ക്‌ പുത്തന്‍ ഉണര്‍വാകും പദ്ധതിയെന്നും ഗ്രാമ പഞ്ചായത്തിന്‌ കൂടി വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണ്‌ ആലോചിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട്‌ വനം വകുപ്പധികൃതര്‍ക്ക്‌ ഉടന്‍ രേഖാമൂലം കത്തയക്കുമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കവിത പറഞ്ഞു. പ്രകൃതി സൗഹൃദ പദ്ധതിയാണ്‌ ലക്ഷ്യമെന്നും പ്രസിഡന്റ്‌ പറഞ്ഞു. നിലവില്‍ വര്‍ഷത്തിലൊരിക്കല്‍ ചാലിയാര്‍ ജലോത്സവം നടക്കുന്ന പ്രദേശത്ത്‌ ഈ സമയത്ത്‌ മാത്രം ആയിരക്കണക്കിനാളുകളാണ്‌ എത്തിപ്പെടാറുള്ളത്‌.
രാവിലെയും വൈകുന്നേരവും ചാലിയാറിന്റെ മനോഹാരിത കാണാനായും നിരവധി പേര്‍ നിത്യവും എത്തിപ്പെടാറുണ്ട്‌. ഈ സാധ്യതയെല്ലാം മുന്നില്‍ കണ്ടാണ്‌ വലിയ ടൂറിസം പദ്ധതിക്ക്‌ ശ്രമം നടക്കുന്നത്‌. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനൊപ്പം പ്രദേശത്തെ സാമൂഹ്യ വിരുദ്ധ ശല്യത്തിനും ഒരു പരിധി വരെ പരിഹാരമാവും. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കൊപ്പം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കവിത, നാട്ടുകാരനും ജില്ല പഞ്ചായത്ത്‌ താമരശേരി ഡിവിഷന്‍ മെമ്പറുമായ പി.ജി മുഹമ്മദ്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സുജ ടോം, സ്‌റ്റാന്റിങ്‌ കമ്മറ്റി അധ്യക്ഷ കസ്‌ന ഹമീദ്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്‌.എ നാസര്‍, ടി.പി ഷറഫുദ്ധീന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം മജീദ്‌ മൂലത്ത്‌, പഞ്ചായത്ത്‌ സെക്രട്ടറി ഒ.എ അന്‍സു എന്നിവരും സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Thursday 05 Feb 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW