-->
ചെറുകോല്‍പ്പുഴ: ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നദിയിലെ ചെളിയും പുറ്റും നീക്കം ചെയ്‌ത് കരയോട് ചേരുന്ന ഭാഗത്തെ മണല്‍പ്പുറം ലെവല്‍ ചെയ്യാനും പമ്പാനദിയുടെ നീര്‍ച്ചാലിനു കുറുകെ താല്‍ക്കാലിക പാലം നിര്‍മിക്കാനും പരിഷത്ത് നഗറിലേക്ക് പ്രവേശിക്കുന്ന വഴി സഞ്ചാരയോഗ്യമാക്കുന്നതിനും നിര്‍ദേശം.
അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായി ജില്ലാ കലക്‌ടര്‍ എസ്. പ്രേം കൃഷ്‌ണന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 15 മുതല്‍ 22 വരെ നടക്കുന്ന 114- മത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. പൊലീസിന്റെ നേതൃത്വത്തില്‍ ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തും. ചെറുകോല്‍ പഞ്ചായത്ത് പ്രദേശത്ത് പട്രോളിംഗ് ശക്‌തമാക്കും. മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിള്‍ ചെറുകോല്‍പ്പുഴ പമ്പാനദിയിലെ ജലവിതാനം ക്രമീകരിക്കും.പരിഷത്ത് നഗറിലും അയിരൂര്‍, ചെറുകോല്‍പ്പുഴ പ്രദേശങ്ങളിലും വൈദ്യുതി വിതരണം കെ.എസ്.ഇ.ബി ഉറപ്പാക്കും.
ആംബുലന്‍സ് സൗകര്യത്തോടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം, മരുന്നിന്റെ ലഭ്യത എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. പരിഷത്ത് നഗറില്‍ അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനവും നടത്തും. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സാ സൗകര്യം ആയുര്‍വേദ വകുപ്പ് ഉറപ്പാക്കും. പരിഷത്ത് നഗറില്‍ ഫയര്‍ഫോഴ്‌സ് വാഹനം ക്രമീകരിക്കും. പത്തനംതിട്ട, കടമ്മനിട്ട, നാരങ്ങാനം, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല, പന്തളം, അടൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, പെരുമ്പെട്ടി, റാന്നി എന്നിവിടങ്ങളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്കും കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തും.