-->
വടവാതൂര്‍: വിജയപുരം പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍പ്പെട്ട വടവാതൂര്‍ കടത്ത്-കൊല്ലക്കൊമ്പ് റോഡ് കുണ്ടുംകുഴിയുമായി താറുമാറായി. റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ആറ് ലക്ഷം രൂപ അനുവദിച്ചു. 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. റോഡ് ടാറിങ്ങിനായി പ്രദേശവാസി കരാര്‍ എടുത്തു. എന്നാല്‍, റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടര്‍ അതോറിറ്റി കനിയണം. ഈ റോഡിലൂടെ വാട്ടര്‍ അതോറി 550 മീറ്റര്‍ കുടിവെള്ള പൈപ്പ് ലൈന്‍ സ്‌ഥാപിക്കണം. ഈ പൈപ്പ് സ്‌ഥാപിച്ചാല്‍ മാത്രമേ റോഡ് ടാര്‍ ചെയ്യാന്‍ സാധിക്കും.
ആറ് മാസമായി വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്‌ഥാപിക്കുന്നതും കാത്തിരിക്കുകയാണു നാട്ടുകാര്‍. വലിയ പൈപ്പാണ് ഇവിടെ സ്‌ഥാപിക്കേണ്ടത്. പൈപ്പ് സ്‌ഥാപിച്ചില്ലെങ്കില്‍ റോഡിന്റെ ടാറിങ്ങ് പൂര്‍ത്തിയായാല്‍ വാട്ടര്‍ അതോറിറ്റി ടനെത്തും റോഡ് വെട്ടിപ്പൊളിക്കാന്‍. അതൊഴിവാക്കാനാണ് പൈപ്പ് സ്‌ഥാപിച്ചതിന് ശേഷം റോഡ് ടാര്‍ ചെയ്യാമെന്ന് അധികൃതര്‍ തീരുമാനിച്ചത്. ടാറിങ്‌് താമസിക്കുന്നത് കൊണ്ട് ഇതുവഴിയുള്ള യാത്രയും ദുഷ്‌കരമാണ്.
നൂറ് കണക്കിനു യാത്രക്കാരാണു ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്. മാത്രമല്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മീനന്തറ ടൂറിസത്തിന്റെ ഭാഗമായി കുട്ടികളുടെ പാര്‍ക്കിലേക്കുള്ള വഴിയും കൂടിയാണിത്. പാര്‍ക്കിലേക്ക് ദിവസവും ഒട്ടേറെ കുട്ടികളും രക്ഷകര്‍ത്താക്കളുമാണ് എത്തുന്നത്. റോഡിലെ കുണ്ടും കുഴിയിലും വീണ് അപകടം ഉണ്ടാകുന്നതും നിത്യസംഭവമാണ്. ഒരു മഴ പെയ്‌താല്‍ റോഡിലെ കുഴിയില്‍ വെള്ളം നിറഞ്ഞ് വഴിയേതാ കുഴിയേതാ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. പൈപ്പ് സ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ പി.കെ.രാജേന്ദ്രന്‍ പാറേപ്പറമ്പില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് കയറിയിറങ്ങുകയാണ്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പൈപ്പ് സ്‌ഥാപിക്കാത്തതിനാലാണ് റോഡ് ടാര്‍ ചെയ്യാന്‍ സാധിക്കാത്തത്. ഇനിയും നീണ്ടുപോയാല്‍ തുക ലാപ്‌സാകുന്ന സ്‌ഥിതിയാകും. ഓരോ പ്രാവശ്യവും ഉദ്യോഗസ്‌ഥര്‍ പറയും അടുത്ത ആഴ്‌ച ശരിയാക്കാം. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇങ്ങനെ പോയാല്‍ ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്യുകയോ നിവൃത്തിയൊള്ളുവെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ.രാജേന്ദ്രന്‍ പാറേപ്പറമ്പില്‍ പറഞ്ഞു.