-->
എരുമേലി : ഗ്രാമപഞ്ചായത്തിലെ കനകപ്പലം- സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി റോഡ് കോണ്‍ക്രീറ്റ് ചെയ്‌ത് ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്‌ഘാടനം അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ നിര്‍വഹിച്ചു. യോഗത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോണ്‍ സാമുവല്‍ അധ്യക്ഷത വഹിച്ചു.
മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുനില്‍ ചെറിയാന്‍, പൊതുപ്രവര്‍ത്തകരായ ബിനോ ജോണ്‍ ചാലക്കുഴി,സി.പി മാത്തന്‍, സ്‌ഥലം വിട്ടുനല്‍കിയ കുടുംബാംഗം ഇസ്‌മായില്‍ മൂത്തേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആ പ്രദേശത്തെ ഏക യാത്ര സൗകര്യമായ കനകപ്പലം - പഴയപള്ളി റോഡ് നിലവില്‍ വലിയ കുത്തിറക്കമുള്ള മണ്‍റോഡ് ആയിരുന്നു. അതിനാല്‍ തന്നെ പള്ളിയിലേക്ക് ആരാധനയ്‌ക്ക് പോയിരുന്നവരും, പ്രദേശവാസികളും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ ബുദ്ധിമുട്ട് കാണിച്ച് പള്ളി അധികൃതരില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
പിഡബ്ല്യുഡി റോഡില്‍ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് ആവശ്യത്തിന് വീതി ഇല്ലാതിരുന്നതുമൂലം സമീപ സ്‌ഥല ഉടമസ്‌ഥരായ മുഹമ്മദ് ഷാ, മൂന്ന് സെന്റ് സ്‌ഥലം മാത്രമുള്ള വിധവയായ സൈനബ എന്നിവര്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കാന്‍ തയ്യാറായതിനെത്തുടര്‍ന്ന് മികച്ച നിലയില്‍ റോഡിന്റെ കോണ്‍ക്രീറ്റിങ്ങും പുനരുദ്ധാരണ പ്രവര്‍ത്തികളും നടപ്പിലാക്കാന്‍ കഴിഞ്ഞത്.