-->
കോട്ടയം: സംസ്‌ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ ചങ്ങനാശേരി നഗരസഭയ്‌ക്ക് ഓവറോള്‍ കിരീടം. 459 പോയിന്റാണ് ഇവര്‍ സ്വന്തമാക്കിയത്. 231 പോയിന്റ് നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്‌ഥാനവും 171 പോയിന്റ് നേടിയ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്‌ഥാനവും നേടി. 28 പോയിന്റുമായി ചങ്ങനാശ്ശേരി നഗരസഭയിലെ അനന്യ രാജീവ് കലാതിലകവും 30 പോയിന്റുമായി പാമ്പാടി ബ്ലോക്കിലെ മിഥുന്‍ കെ. രാജു കലാപ്രതിഭയുമായി.
കലാ മത്സരങ്ങളിലും കായിക മത്സരങ്ങളിലും മുന്നിലെത്തിയാണ് ചങ്ങനാശേരി നഗരസഭ ഓവറോള്‍ കിരീടം നേടിയത്. കായികഇനങ്ങളില്‍ 290 പോയിന്റും കായിക ഇനങ്ങളില്‍ 169 പോയിന്റുമാണ് ചങ്ങനാശ്ശേരി നേടിയത്. കലാമത്സരങ്ങളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 80 പോയിന്റോടെ രണ്ടാം സ്‌ഥാനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 68 പോയിന്റോടെ മൂന്നാം സ്‌ഥാനവും നേടി. കായിക മത്സരങ്ങളില്‍ 168 പോയിന്റുമായി ളാലം ബ്ലോക്ക് രണ്ടാം സ്‌ഥാനവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 103 പോയിന്റുമായി മൂന്നാം സ്‌ഥാനവും നേടി.
കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്‌ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിക്കും.