Saturday, March 14, 2026 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.05 AM

നടപ്പാകാത്ത പ്രഖ്യാപനങ്ങളില്‍ മടുത്ത്‌ എരുമേലിക്കാര്‍

എരുമേലി : ഓരോ ബജറ്റിലും എരുമേലിക്ക്‌ വാഗ്‌ദാനങ്ങള്‍ ഏറെ ഉണ്ടാകുമെങ്കിലും ഒന്നും നടപ്പാകാറില്ലെന്ന അനുഭവമാണെന്ന്‌ എരുമേലിക്കാര്‍.വിമാനത്താവള പദ്ധതിയും ശബരി റെയില്‍വേ പദ്ധതിയും എരുമേലിയില്‍ നടപ്പിലാകാത്ത പ്രഖ്യാപനങ്ങളുടെ മുന്നിലുണ്ട്‌. ഇതിനേക്കാള്‍ ഏറെ നാട്ടുകാര്‍ ആഗ്രഹിക്കുന്നത്‌ തിരക്ക്‌ വലയ്‌ക്കാത്ത ശബരിമല തീര്‍ത്ഥാടനകാലവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയുമാണ്‌.
കോടിക്കണക്കിന്‌ അയ്യപ്പഭക്‌തര്‍ എത്തുന്ന എരുമേലിയില്‍ നാടിന്റെ ഈ ആഗ്രഹങ്ങള്‍ സംസ്‌ഥാന ബജറ്റില്‍ പ്രഖ്യാപനങ്ങളല്ലാതെ നടപ്പിലാകുന്നില്ല. ഇത്തവണത്തെ ബജറ്റിലും ഇതേപോലെ പ്രഖ്യാപനങ്ങള്‍ ധാരാളം. ആദ്യമൊക്കെ ബജറ്റ്‌ പ്രഖ്യാപനങ്ങള്‍ കേട്ട്‌ അഭിനന്ദനങ്ങളും കയ്യടികളും നിറഞ്ഞിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ എരുമേലിക്ക്‌ ഉണ്ടായിട്ടും അഭിനന്ദനങ്ങള്‍ കുറഞ്ഞു. ഇത്തവണ പത്ത്‌ കോടി രൂപ എരുമേലിയ്‌ക്ക് പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്‌.
എന്നാല്‍ 2023 ല്‍ സംസ്‌ഥാന ബജറ്റില്‍ 15 കോടി അനുവദിച്ച്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച എരുമേലി മാസ്‌റ്റര്‍ പ്ലാനിന്‌ രണ്ട്‌ വര്‍ഷത്തിന്‌ ശേഷം ആണ്‌ രൂപരേഖ ആയത്‌. ഇതാകട്ടെ ഇനിയും നടപ്പിലാക്കാന്‍ തുടങ്ങിയിട്ടില്ല. രൂപരേഖയില്‍ വിഭാവനം ചെയ്‌ത എരുമേലി ടൗണില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി
ഒഴിവാക്കപ്പെടുകയും ചെയ്‌തു. ടൗണില്‍ മുസ്ലിം പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും അയ്യപ്പഭക്‌തര്‍ ശബരിമല സീസണില്‍ ദിവസവും ഓരോ മിനിറ്റിലും റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ മുഴുവന്‍ വാഹനങ്ങളും തടഞ്ഞിട്ട്‌ വേണം ഇതിന്‌ സൗകര്യം ഒരുക്കാന്‍.
ഈ സമയം ഉണ്ടാകുന്ന ഗതാഗത തടസ്സം,പേട്ട തുള്ളല്‍ പാതയോടു ചേര്‍ന്നുള്ള പാര്‍ക്കിംഗ്‌ മൈതാനങ്ങളിലേക്കും പുറത്തേക്കും കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍ ഇവയൊക്കെയാണ്‌ ടൗണിലെ തിരക്കിനുള്ള പ്രധാന കാരണങ്ങള്‍.
ഇത്‌ കൊണ്ട്‌ മാത്രം ആണ്‌ എപ്പോഴും ടൗണ്‍ റോഡ്‌ കുരുക്കിലാകുന്നത്‌. ഇത്‌ ഒഴിവാക്കാനയാണ്‌ മേല്‍പ്പാലം, റിംഗ്‌ റോഡുകളുടെ വികസനം എന്നിവയുടെ ആവശ്യം.. പക്ഷെ ഓരോ ബജറ്റും കടന്നുപോകുമ്പോഴും ഏറ്റവും ആവശ്യമായ മേല്‍പ്പാലം പദ്ധതിയ്‌ക്കോ കുറ്റമറ്റ റിംഗ്‌ റോഡ്‌ വികസനത്തിനോ ഫയലില്‍ നിന്ന്‌ മോചനമുണ്ടാകുന്നില്ല. മുമ്പ്‌ മാസ്‌റ്റര്‍ പ്ലാനില്‍ 15 കോടി കിട്ടിയിട്ടും മേല്‍പ്പാലം ഒഴിവാക്കപ്പെട്ടു. ഇത്തവണ പത്ത്‌ കോടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മേല്‍പ്പാലം ഉണ്ടെന്ന്‌ പറയുന്നില്ല.
2012 ല്‍ അനുവദിച്ച എരുമേലിയിലെ സ്‌ഥിരം ഫയര്‍ സേ്‌റ്റഷനും ഇത്‌ തന്നെ ആണ്‌ ദുരവസ്‌ഥ. സ്‌ഥലം ഏറ്റെടുത്തു കൊടുത്താല്‍ ആണ്‌ ഫയര്‍ സേ്‌റ്റഷന്‍ നിര്‍മിക്കാന്‍ ഫണ്ട്‌ ലഭിക്കുക. വര്‍ഷം 14 ആയിട്ടും ഇക്കാര്യത്തില്‍ അനക്കമില്ല.പേരൂര്‍ തോട്ടില്‍ അഞ്ചെക്കറോളം സ്‌ഥലം ഉണ്ടെന്നെരിക്കെ ഫയര്‍ സേ്‌റ്റഷനോ എക്‌സൈസ്‌ സേ്‌റ്റഷനോ നിര്‍മിക്കാന്‍ സ്‌ഥലപ്രശനം ഇല്ല.
എരുമേലി ടൗണില്‍ ശബരിമല സീസണില്‍ കുരുക്ക്‌ ഒഴിയാന്‍ പരിഹാരമായി റിങ്‌ റോഡുകള്‍ക്ക്‌ വീതി വര്‍ധിപ്പിച്ചാല്‍ മതിയെന്നിരിക്കെ ഈ റോഡുകള്‍ അതേപടി ടാര്‍ ചെയ്യുന്നത്‌ അല്ലാതെ വീതി കൂട്ടാറില്ലന്നത്‌ മറ്റൊരു ഗുരുതര ആക്ഷേപമായി നിലനില്‍ക്കുന്നു. ജില്ലയില്‍ ഏറ്റവും വിസ്‌തൃതിയുള്ള എരുമേലി പഞ്ചായത്ത്‌ വിഭജിക്കാനുള്ള പ്രഖ്യാപനം ഇത്തവണയുമുണ്ട്‌.
ഇതിപ്പോള്‍ സ്‌ഥിരം പ്രഖ്യാപനം ആയി മാറിയെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. വിഭജനം നടത്താന്‍ കഴിയാതെ പ്രഖ്യാപനം ആവര്‍ത്തിക്കുന്നു എന്നാണ്‌ ആക്ഷേപം. 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുകയും കിടത്തി ചികിത്സ ഉള്ളതുമായ സര്‍ക്കാര്‍ ആശുപത്രി ആണ്‌ എരുമേലി പോലെ തീര്‍ത്ഥാടന തിരക്കുള്ള നാട്ടില്‍ വേണ്ടതെന്നിരിക്കെ ഇക്കാര്യം അവഗണിക്കപ്പെടുകയാണ്‌. താലൂക്ക്‌ ആശുപത്രിയായി ഉയര്‍ത്തേണ്ട സമയം കഴിഞ്ഞ സാമൂഹിക ആരോഗ്യ കേന്ദ്രം കൂടിയാണ്‌ എരുമേലിയിലേത്‌.
വന്‍ തോതില്‍ ശബരിമല സീസണില്‍ എരുമേലിയിലെ തോട്ടില്‍ മലിനീകരണം രൂക്ഷമാണെന്നിരിക്കെ തോട്ടില്‍ മിനി ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ പോലും സ്‌ഥാപിക്കാന്‍ കഴിയാതെ എന്ത്‌ വികസനം ആണ്‌ നടത്തുന്നതെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു. മാസ്‌റ്റര്‍ പ്ലാന്‍ രൂപീകരിച്ചപ്പോള്‍ മേല്‍പ്പാലം ഒഴിവാക്കിയത്‌ പോലെ റിവര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും വിസ്‌മരിക്കപ്പെട്ടു.
റിങ്‌ റോഡുകള്‍ക്ക്‌ വീതി കൂട്ടാതെയും പഞ്ചായത്ത്‌ വിഭജിക്കാതെയും അനുവദിക്കപ്പെട്ട ഫയര്‍ സേ്‌റ്റഷന്‍ സ്‌ഥാപിക്കാതെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം പേരിന്‌ മാത്രമാക്കുകയും മേല്‍പ്പാലം നിര്‍മിച്ച്‌ ഗതാഗത പ്രശ്‌നം പരിഹരിക്കാതെയും എങ്ങനെ ആണ്‌ എരുമേലിയില്‍ വികസനം സാധ്യമാക്കുന്നതെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു. ബജറ്റില്‍ പ്രഖ്യാപിച്ചതൊക്കെ നടപ്പിലാക്കാതെ പ്രഖ്യാപനങ്ങള്‍ കൊണ്ട്‌ നാട്‌ വികസിക്കില്ലന്നാണ്‌ ആക്ഷേപം.

Ads by Google
Advertisement
Wednesday 04 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW