-->
കട്ടപ്പന: ജില്ലയില്‍ വേനല്‍ചൂട് കടുത്തതോടെ വിളകളെ സംരക്ഷിക്കാന്‍ തയാറെടുപ്പുകളുമായി കര്‍ഷകര്‍. ഏലം കൃഷിക്കാണ് ചൂട് ഏറ്റവുമധികം വെല്ലുവിളിയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വേനലില്‍ ജില്ലയില്‍ വ്യാപകമായി കൃഷി നാശം സംഭവിച്ചിരുന്നു. ഇക്കൊല്ലം വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം ജല സ്രോതസുകള്‍ വറ്റിത്തുടങ്ങിയതും കാര്‍ഷിക മേഖലയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
സാധാരണയായി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് ജലസ്രോതസുകള്‍ വറ്റിത്തുടങ്ങുന്നതെങ്കില്‍ ഇത്തവണ ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടത്തും വെള്ളം വറ്റിത്തുടങ്ങി.
ഇതോടെ ജലത്തിന്റെ ലഭ്യത കുറയുകയും ജലസേചനം നടത്താന്‍ കഴിയാതെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനം തണലും തണുപ്പും എപ്പോഴും ആവശ്യമാണ്. എന്നാല്‍ ചൂടിന്റെ കാഠിന്യമേറി നീരുറവകളടക്കം വറ്റിവരളാന്‍ തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് വാങ്ങി കൃഷിയിടത്തില്‍ വലിച്ചുകെട്ടി തണല് തീര്‍ക്കുകയാണ് കര്‍ഷകര്‍. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചില്‍ ജല ലഭ്യത കുറഞ്ഞ് വരുന്ന സ്‌ഥിതിയുമുണ്ട്. ഇടക്ക് വേനല്‍മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവില്‍ ഏലക്കായ്‌ക്ക് മികച്ച വില ലഭിക്കുന്ന സാഹചര്യത്തില്‍ ഏത് വിധേനയും ചെടികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് കര്‍ഷകര്‍. എന്നാല്‍ പച്ച നെറ്റ് തോട്ടം മുഴുവന്‍ വിരിക്കുന്നത് വലിയ ബാധ്യതയുണ്ടാക്കുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഏലത്തിനു പുറമേ, തേയില, കാപ്പി, കുരുമുളക് കൃഷികള്‍ക്കും വേനല്‍ചൂട് തിരിച്ചടിയാണ്. കടുത്ത വേനലില്‍ ചിലയിടങ്ങളില്‍ തേയില ചെടികള്‍ ഉണങ്ങിയിട്ടുണ്ട്. വന്‍കിട തോട്ടങ്ങള്‍ വെള്ളം നനച്ച് ചെടികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ഇത് പ്രായോഗികമല്ല.