-->
തൊടുപുഴ: കലക്‌ടറേറ്റ് ഉള്‍പ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. വ്യാജ ഇ- മെയില്‍ ഐ.ഡി. വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. കലക്‌ടറേറ്റ്, മുട്ടത്തെ ജില്ലാ കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാര്‍ ഡാം എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ വ്യാജ ബോംബ് ഭീഷണി ഭീഷണി എത്തിയത്. തുടര്‍ന്ന് ഭീഷണി എത്തിയ സ്‌ഥലങ്ങളില്‍ എല്ലാം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.
ബോംബ് സ്‌ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കലക്‌ടറേറ്റില്‍ പരിശോധന നടത്തിയത്. ബോംബ് കണ്ടെത്താന്‍ വൈദഗ്‌ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചായിരുന്നു പരിശോധന. മറ്റിടങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ പരിശോധനയ്‌ക്ക് മേല്‍നോട്ടം വഹിച്ചു.
ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം എട്ടിന് മുട്ടത്തെ ഇടുക്കി ജില്ലാ കോടതിയിലും ഇ- മെയിലൂടെ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. ജില്ലാ കോടതിയില്‍ ചാവേര്‍ ബോംബ് പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇ- മെയില്‍ സന്ദേശം. തമിഴ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (ടി.എല്‍.ഒ) എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്. മുഹമ്മദ് അസ്ലം വിക്രം എന്ന പേരും മെയിലില്‍ നല്‍കിയിരുന്നു. തമിഴ്‌നാട് പോലീസിനെയും ചില രാഷ്‌ട്രീയ സംഘടനകളെയും പരാമര്‍ശിക്കുന്ന സന്ദേശമായിരുന്നു ഇ- മെയിലില്‍ ഉണ്ടായിരുന്നത്‌്. ലക്ഷ്യമിടുന്നത് ശ്രീലങ്കന്‍ ഈസ്‌റ്റര്‍ മോഡല്‍ ആക്രമണമെന്നായിരുന്നു ഉള്ളടക്കം. കോടതിയുടെ പ്രധാന ഭാഗങ്ങളില്‍ റിമോട്ട് കണ്‍ട്രോള്‍ ബോംബുകള്‍ സ്‌ഥാപിച്ചിട്ടുണ്ടെന്നും ബോംബുകള്‍ പൊട്ടിത്തെറിച്ചില്ലെങ്കില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും സഹായത്തോടെ വിശദ പരിശോധന നടത്തി സന്ദേശം വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.