-->
ചെറുതോണി: കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി വീതം പെരിഞ്ചാംകുട്ടിയില്‍ തന്നെ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ട് എട്ടു വര്‍ഷമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചും ഭൂരഹിതരായ ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും കൃഷിഭൂമി നല്‍കുക, കുടിയിറക്കുന്ന സമയത്ത് കൃഷിദേഹണ്ഡങ്ങള്‍ വെട്ടിനശിപ്പിച്ചതിന് മതിയായ നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സമരത്തിന് തയാറെടുക്കുകയാണ് ആദിവാസികള്‍. ഉത്തരവ് നടപ്പാക്കാന്‍ പ്രാഥമിക ഉത്തരവാദിത്വമുള്ള കലക്‌ടര്‍ക്ക് പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്‌ത സമരസമിതിയുടെ ഭാരവാഹികള്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചു.
പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 ന് ചെറുതോണിയില്‍ പ്രദേശത്തെ എം.എല്‍.എ യും മന്ത്രിയുമായ റോഷി അഗസ്‌റ്റ്യന്റെ ഓഫീസിന് മുന്നില്‍ സൂചനാ സമരവും നിവേദന സമര്‍പ്പണവും നടത്താന്‍ സംയുക്‌ത ആലോചനായോഗം തീരുമാനിച്ചു.
ചെങ്ങര ഭൂസമര സഹായ സമിതി കണ്‍വവീനര്‍ എസ്. രാജീവന്‍ സൂചനാസമരം ഉദ്‌ഘാടനം ചെയ്യും. ഭരണസമിതി കണ്‍വീനര്‍ പി. ആര്‍ സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം രക്ഷാധികാരി ജോസ് ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. പെരിഞ്ചാംകുട്ടി ആദിവാസി ഭൂമി അവകാശ സംയുക്‌ത സമര സമിതി കണ്‍വീനര്‍ എന്‍. വിനോദ്‌കുമാര്‍ ഓള്‍ ഇന്ത്യ കിസാന്‍ ഖേദ് മസ്‌ദൂര്‍ സംഘടന (എ.ഐ.കെ. എം.എസ്) ജില്ലാ വൈസ് പ്രസിഡന്റ് സി. എ ഫെലിക്‌സ്, എം.എസ് ജോണ്‍, ജോയി ചേലച്ചുവട്, തങ്കമ്മ മണിയാറന്‍കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.