Friday, March 13, 2026 Last Updated 9 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.03 AM

വേനല്‍ കനത്തതോടെ മഞ്ഞപ്പിത്തം, വയറിളക്കം പടരുന്നു

തൊടുപുഴ: വേനല്‍ കനത്തതോടെ ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം പടരുന്നു. ജില്ലയില്‍ കഴിഞ്ഞ മാസം ആറു പേര്‍ക്ക്‌ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്‌ -എ) സ്‌ഥിരീകരിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ചൂട്‌ അധികരിച്ചതോടെ ജില്ലയുടെ പലഭാഗങ്ങളിലും ഇപ്പോള്‍ ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറുന്നത്‌.
മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സ്‌ഥലങ്ങളില്‍ മലിനമായ വെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശുചിത്വക്കുറവ്‌ എന്നീ കാരണങ്ങളാണ്‌ പ്രധാനമായും കണ്ടെത്തിയിട്ടുള്ളതെന്ന്‌ ജില്ലാ സര്‍വൈലന്‍സ്‌ അധികൃതര്‍ പറഞ്ഞു.
വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകളും തിളപ്പിച്ച ചൂട്‌ വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത്‌ നല്‍കുന്ന പ്രവണതയും രോഗനിരക്ക്‌ വര്‍ധിക്കാന്‍ കാരണമാകുന്നു. കരളിനെ ബാധിക്കുന്ന രോഗമാണ്‌ മഞ്ഞപ്പിത്തം. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ്‌ പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട്‌ മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. ഹെപ്പറ്റൈറ്റിസ്‌ എ, ഇ വൈറസ്‌ ബാധ മലിനമായതും ശുദ്ധീകരിക്കാത്തതുമായ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരും.


പ്രതിരോധ മാര്‍ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാതിരിക്കുക. ആഹാരം പാകം ചെയ്യാനും വിളമ്പാനും കഴിക്കാനും മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും, പുറത്ത്‌ പോയി വന്നതിനുശേഷവും കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ നന്നായി കഴുകുക.
കിണറിന്റെ പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച്‌ കിണര്‍ വെള്ളം ക്ലോറിനേറ്റ്‌ ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്‌തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.
വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്‌ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക. തുറസായ സ്‌ഥലത്ത്‌ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക. വീട്ടുപരിസരത്ത്‌ ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

Ads by Google
Advertisement
Wednesday 04 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW