-->
കൊച്ചി: മത്സരയോട്ടം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സ്വകാര്യബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിച്ചു തുടങ്ങി. ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചതാണിത്.
സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഷാഡോ പോലീസ് മാതൃകയില്‍ സിവില്‍ ഡ്രസ് ധരിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരെ സ്വകാര്യ ബസുകളില്‍ വിന്യസിപ്പിക്കുന്നത് പരിഗണയിലാണെന്ന് എറണാകുളം ആര്‍.ടി.ഒയും കമ്മീഷനെ അറിയിച്ചു.
കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് 2026 ജനുവരി 14 ന് നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
കൊച്ചി സിറ്റി പരിധിയില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ വിലയിരുത്താന്‍ പോലീസ്, ആര്‍.ടി.ഒ, നഗരസഭ ഉദ്യോഗസ്‌ഥരുടെ യോഗം ജില്ലാ കലക്‌ടര്‍ വിളിച്ചു ചേര്‍ത്തതായി മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷനെ അറിയിച്ചു.
സ്വകാര്യ ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി മോട്ടാര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്‌ത പരിശോധനാവേളയില്‍ എക്‌സൈസ് ഉദ്യോഗസ്‌ഥരെ കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മോട്ടോര്‍ വാഹന വകുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ചു.
ലഹരിയുപയോഗം കര്‍ശനമായി തടയുന്നതിന് പരിശോധനാവേളയില്‍ എക്‌സൈസ് ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പോലീസ്, മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൊതുമരാമത്ത് വകുപ്പ് (എറണാകുളം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്കും കൈമാറണമെന്ന് ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.
പോലീസ്, മോട്ടോര്‍ വാഹനം, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എന്നിവരുടെ യോഗം ജില്ലാ പോലീസ് മേധാവി (സിറ്റി) വിളിച്ച് ആവശ്യമായ നിര്‍ദ്ദേശം പൊതുമരാമത്ത്, എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
റോഡ് തകരാര്‍ പരിഹരിക്കുക, കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ സ്‌ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുമരാമത്ത് ഉദ്യോഗസ്‌ഥര്‍ ഏകോപിപ്പിക്കണം. സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് എക്‌സൈസ് പ്രത്യേക പരിശോധനകള്‍ നടത്തണം. സ്വീകരിച്ച നടപടികള്‍ പൊതുമരാമത്ത്, എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ 3 ആഴ്‌ചക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം. മത്സര ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിടിച്ച ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ അബ്‌ദുള്‍ സലീമിന്റെയും ടി. ഡി. റോഡ് സ്വദേശി ഗോവിന്ദ് എന്‍. ഷേണായിയുടെയും അപകട മരണത്തിന്റെ പശ്‌ചാത്തലത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി.