-->
എടത്വാ: കാലപ്പഴക്കത്താല്‍ തുരുമ്പെടുത്ത കുട്ടനാട്ടിലെ ഏക തൂക്കുപാലമായ എടത്വാ ചങ്ങങ്കരി തൂക്കുപാലത്തിന്റെ നവീകരണത്തിന് പച്ചക്കൊടി. 2010 ല്‍ പ്രകൃതി ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് പണിയിപ്പിച്ച കുട്ടനാട്ടിലെ ആദ്യത്തെ തൂക്കുപാലം കാലപ്പഴക്കത്താലും നിരന്തര വെള്ളപ്പൊക്കവും മൂലവും തകര്‍ച്ചയുടെ വക്കിലായിരുന്നു.
തുടര്‍പരിപാലനമോ അറ്റകുറ്റപ്പണികളോ നടത്താതിരുന്നതിനാല്‍ ചങ്ങങ്കരി പമ്പയാറിനു കുറുകെ 3,13 വാര്‍ഡുകളെ ബന്ധിപ്പിച്ചു നിര്‍മിച്ച ഈ പാലം സഞ്ചാരയോഗ്യമല്ലാതെ അപകടാവസ്‌ഥയിലായിരുന്നു.
ചങ്ങങ്കരി സെന്റ് ജോസഫ് പള്ളി, എസ്.എന്‍.ഡി.പി ഗുരുദേവ മന്ദിരം, വായനശാല, പോസ്‌റ്റ് ഓഫീസ്, റേഷന്‍ കട, സ്‌കൂളുകള്‍ എന്നീ സ്‌ഥാപനങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായപ്പോള്‍ നാട്ടുകാര്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ബിനു ഐസക്ക് രാജുവിനെ സമീപിച്ചു.
കെല്‍ നിര്‍മാണ ഏജന്‍സിയെകൊണ്ട് 36.80 ലക്ഷം രൂപക്ക് എസ്‌റ്റിമേറ്റ് എടുപ്പിക്കുകയും ജില്ലാ പഞ്ചായത്ത് ഭരണസമിതി ഈ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനമെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ തൂക്കുപാലം എടത്വാ പഞ്ചായത്തിന്റെ ആസ്‌തിയില്‍പെട്ടതായതിനാല്‍ ജില്ലാ പഞ്ചായത്തിനു തനിയെ പ്ര?ജക്‌റ്റ് വച്ച് നടത്താന്‍ സാധിക്കാതെ വന്നു. അതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് എടത്വാ പഞ്ചായത്തുമായി സംയുക്‌ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി ലഭ്യമാക്കിയത്. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 11.80 ലക്ഷം രൂപയും ചെലവഴിച്ചാണ് പാലം പൂര്‍ത്തിയാക്കുക.
ഈ തൂക്കുപാലം നിര്‍മിച്ച കെല്‍ ഏജന്‍സി മുഖേന കുഞ്ഞുമുഹമ്മദ് ആഷിക്ക് ഫാബ്രിക്കേറ്റേഴ്‌സാണ് ഇപ്പോള്‍ അറ്റകുറ്റപ്പണി ഏറ്റെടുത്തു നടത്തുന്നത്. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിക്കായി പാലത്തിലൂടെയുള്ള സഞ്ചാരം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്. യാത്രാ സൗകര്യത്തിനു കടത്തു വള്ളം ക്രമീകരിച്ചിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
തൂക്കുപാലത്തിന്റെ നവീകരണോദ്‌ഘാടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍ നിര്‍വഹിച്ചു.
എടത്വാ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം മഞ്‌ജു വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. സേവ്യര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരസമിതി അധ്യക്ഷന്‍ ജോളി മഠത്തിക്കളം, പഞ്ചായത്തംഗം ജി. ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ അംഗം ബിനു ഐസക്ക് രാജു, കോണ്‍ഗ്രസ് (ഐ) എടത്വാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആന്റണി കണ്ണംകുളം, സി.പി.എം. എടത്വാ സൗത്ത് മുന്‍ എല്‍.സി. സെക്രട്ടറി യൂ. വിപിന്‍,
പഞ്ചായത്ത് അസി. എന്‍ജിനിയര്‍ എ.അനീഷ്, അസി. സെക്രട്ടറി ആര്‍. പ്രദീപ്, ഓവര്‍സിയര്‍ എസ്. രജിത , കെ.ടി. മുസ്‌തഫ, എ. മുജീബ്, അന്തോണിക്കുട്ടി കൊച്ചുപറമ്പ്, സജീവന്‍, ജോമോന്‍, വാവച്ചന്‍, ബിജോയി നീലിക്കാട് എന്നിവര്‍ പ്രസംഗിച്ചു.