-->
അമ്പലപ്പുഴ: ദേശീയ പാതയില്‍ അമ്പലപ്പുഴ ജങ്‌ഷന് തെക്ക് ഭാഗത്തായി കെ.എസ്.ആര്‍.ടി.സി. ബസ് തകരാറിലായി. നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. ഇന്നലെ രാവിലെ 9.30ഓടെയാണ് ഹരിപ്പാടുനിന്ന് ആലപ്പുഴയിലേക്ക് വന്ന ബസ് നടു റോഡില്‍ തകരാറിലായി കിടന്നത്. ഇതോടെ പിന്നാലെ വന്ന നൂറുകണക്കിന് വാഹനങ്ങളും കുടുങ്ങി. കെ.എസ്.ആര്‍.ടി.സിയുടെ നിരവധി ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കുടുങ്ങിയത്.
ഇതില്‍ സഞ്ചരിച്ച യാത്രക്കാര്‍ പിന്നീട് ഒരു കിലോമീറ്ററോളം പൊരിവെയിലത്ത് നടന്ന് അമ്പലപ്പുഴ ജങ്‌ഷനിലെത്തി മറ്റ് ബസുകളില്‍ കയറിയാണ് യാത്ര തുടര്‍ന്നത്. പിന്നീട് 11 മണിയോടെ ജെ.സി.ബി ഉപയോഗിച്ച് ബസ് റോഡിന് ഒരു വശത്തേക്ക് മാറ്റിയിട്ടതോടെയാണ് ഗതാഗതക്കുരുക്ക് നീങ്ങിയത്.
ദേശീയപാതാ നിര്‍മാണം നടക്കുന്നതിനാല്‍ സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്.
സര്‍വീസ് റോഡുകള്‍ക്ക് ആവശ്യമായ വീതിയില്ലാത്തതാണ് ഇത്തരം ഗതാഗതക്കുരുക്കുകള്‍ക്ക് കാരണമാകുന്നത്. വീതിയില്ലാത്ത സര്‍വീസ് റോഡിലൂടെ പോകുന്ന ഒരു വാഹനം തകരാറിലായാല്‍ നിലവില്‍ ദേശീയ പാത മണിക്കൂറുകള്‍ സ്‌തംഭിക്കുന്ന സ്‌ഥിതിയാണ്. അശാസ്‌ത്രീയമായ ദേശീയപാതാ നിര്‍മാണമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.