Friday, March 13, 2026 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.00 AM

പരാധീനതകളില്‍നിന്നു മോചനം പാവുക്കര പട്ടികജാതി വെല്‍ഫെയര്‍ സ്‌കൂളിന്‌ രണ്ടു കോടി

uploads/news/2026/02/823825/4.jpg

മാന്നാര്‍ : പാവുക്കര പട്ടികജാതി വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിന്‌ പരാധീനതകളുടെ നടുവില്‍നിന്നു മോചനം . സ്‌ഥലം എം.എല്‍.എയും മന്ത്രിയുമായ സജി ചെറിയാന്റെ ശ്രമഫലമായി സംസ്‌ഥാന ബജറ്റില്‍ സ്‌കൂളിന്‌ ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി രണ്ടു കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ കരുത്ത്‌ പകര്‍ന്ന്‌ എട്ടുപതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന പാവുക്കര പി.ഡബ്യു. എല്‍.പി സ്‌കൂള്‍ രേഖകള്‍ പ്രകാരം 1944 ജൂണിലാണ്‌ സ്‌ഥാപിക്കപ്പെട്ടത്‌.
അക്കാലത്ത്‌ മഹാത്മജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ഹരിജന്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌കൂള്‍ പവര്‍ത്തിച്ചിരുന്നത്‌.
ഓല ഷെഡിലെ ഒന്നാം ക്ലാസില്‍ തുടങ്ങി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പടിപടിയായി ഉയര്‍ന്ന്‌ നാലാം ക്ലാസ്‌ വരെയെത്തുകയായിരുന്നു. കാലങ്ങള്‍ പിന്നിട്ടതോടെ പരാധീനതകള്‍ക്ക്‌ നടുവില്‍ വീര്‍പ്പുമുട്ടിയ സ്‌കൂളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ തുടങ്ങി.
അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രണ്ട്‌ കുട്ടികളിലെത്തിയ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോള്‍ പ്രദേശത്തെ രാഷ്‌ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിലാണ്‌ സ്‌കൂളിന്‌ പുത്തനുണര്‍വുണ്ടായത്‌. സി.പി.എം. എല്‍.സി അംഗം കെ.എം. അശോകന്റെ നേതൃത്വത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്തംഗം സുജാത മനോഹരന്‍ , പി.ടി.എ പ്രസിഡന്റ്‌ അനീഷ്‌.ആര്‍, അധ്യാപകര്‍ , രക്ഷകര്‍ത്താക്കള്‍ എന്നിവരുള്‍പെട്ട സ്‌കൂള്‍ വികസന സമിതി രൂപീകരിച്ച്‌ വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികളെയെത്തിച്ചും അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും സ്‌കൂളിന്‌ പുതു ജീവന്‍ പകര്‍ന്നു.
ഇന്ന്‌ 22 കുട്ടികളിലെത്തി നില്‍ക്കുന്ന സ്‌കൂളിലേക്ക്‌ ഓട്ടോ റിക്ഷാ സൗകര്യവും ഏര്‍പ്പെടുത്താന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു. മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി രത്നകുമാരി പ്രത്യേക പരിഗണന നല്‍കി അനുവദിച്ച പഞ്ചായത്ത്‌ ഫണ്ടില്‍ ചോര്‍ന്നൊലിക്കുന്ന സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്‌ ഏറെ ആശ്വാസം പകര്‍ന്നു. നിരന്തരമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന സ്‌കൂളിന്റെ പുതിയ കെട്ടിടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും നിര്‍മ്മിക്കുക . വെള്ളപ്പൊക്ക സമയത്ത്‌ സമീപത്തെ വീട്ടുകാര്‍ക്ക്‌ ഷെല്‍ട്ടറായി ഉപയോഗിക്കാവുന്ന രീതിയിലുള്ള ഇരുനില കെട്ടിടമാണ്‌ പരിഗണിക്കുന്നത്‌. ഇപ്പോള്‍ പ്രദേശവാസികള്‍ക്ക്‌ ദൂരത്തുള്ള നായര്‍സമാജം സ്‌കൂളാണ്‌ വെള്ളപ്പൊക്ക സമയത്ത്‌ അഭയ കേന്ദ്രമായിട്ടുള്ളത്‌.
പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്‌ പാവുക്കര പി.ഡബ്യു. എല്‍.പി സ്‌കൂളിന്‌ രണ്ടു കോടി രൂപ അനുവദിച്ചത്‌. ഈ സ്‌കൂളിന്‌ മുന്നിലൂടെ കടന്ന്‌ പോകുന്ന മൂര്‍ത്തിട്ട - മുക്കാത്താരി റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിനായി നേരത്തേ 19 കോടിയോളം രൂപ അനുവദിക്കുകയും കഴിഞ്ഞ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയുമുണ്ടായി. ഇവ പൂര്‍ത്തിയാകുന്നതോടെ മാന്നാറിന്റെ പടിഞ്ഞാറന്‍ മേഖലയുടെ മുഖഛായ തന്നെ മാറുമെന്ന്‌ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 04 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW