-->
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ തെരുവോരക്കച്ചവടക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താനും ഗതാഗത കുരുക്ക് ഒഴിവാക്കാനുമായി ആലപ്പുഴ നഗരസഭ തെരുവോര കച്ചവട നിയമാവലിയും വെന്‍ഡിങ് പ്ലാനും നടപ്പിലാക്കും. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഗതാഗത തിരക്കനുസരിച്ച് നഗരത്തിലെ റോഡുകളെ രണ്ട് മേഖലകളായി തരം തിരിക്കും. റെസ്‌ട്രിക്‌റ്റഡ് വെന്‍ഡിങ്, നോണ്‍ വെന്‍ഡിങ് സോണുകള്‍ എന്നിങ്ങനെയാണ് റോഡുകളെ തരം തിരിക്കുന്നത്. നഗരത്തിലെ പ്രധാന പാലങ്ങള്‍, കോടതി സമുച്ചയം, മുനിസിപ്പല്‍ ഓഫീസ്, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍, ജയില്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയുടെ 10 മീറ്റര്‍ പരിധിയില്‍ തെരുവോരക്കച്ചവടം നിയന്ത്രിക്കും.
കച്ചവടക്കാര്‍ക്ക് ഐ.ഡി. കാര്‍ഡും ലൈസന്‍സും ഏര്‍പ്പെടുത്തുക വഴി അനധികൃത കച്ചവടം നിയന്ത്രിക്കും. തെരുവോരക്കച്ചവടക്കാരുടെ പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളുമായി വിശദമായി ചര്‍ച്ചകള്‍ നടത്തി പദ്ധതി നടപ്പിലാക്കും.
അമൃത പദ്ധതിയുടെ ഭാഗമായി ആലിശേരി ലോറി സ്‌റ്റാന്‍ഡിന് വടക്ക് വശം അഞ്ച് ടണ്‍ ശേഷയുള്ള വേസ്‌റ്റ് ട്രാന്‍സ്‌ഫോമര്‍ സ്‌ഥാപിക്കുന്നതിനും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
തെരുവുനായ വിഷയത്തില്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുന്നതിന് ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ് നിര്‍ദേശം നല്‍കി. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ആര്‍.ആര്‍ ജോഷി രാജ്, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ.എം നൗഫല്‍, സി. ജ്യോതിമോള്‍, മായാ രാജേന്ദ്രന്‍, രശ്‌മി സനില്‍, എസ്. ഫൈസല്‍, കൗണ്‍സിലര്‍മാരായ വി.ജി വിഷ്‌ണു, കെ.കെ ജയമ്മ, ബീന കൊച്ചുബാവ, ബേബി ലൂയിസ്, ആര്‍.അംജിത്ത് കുമാര്‍, കെ. നൂറുദ്ദീന്‍ കോയ, ഒ.പി ഷാജി, പി.കെ ഫൈസല്‍, ആര്‍.കണ്ണന്‍, കവിത, പി.വി വേണുഗോപാല്‍, ജോസുകുട്ടി സി പൂണിയില്‍, മുനിസിപ്പല്‍ സെക്രട്ടറി സനില്‍.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
ആലപ്പുഴ നഗര പരിധിയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യവും നായകളുടെ രോമം പൊഴിഞ്ഞ് വികൃതമായ രൂപത്തില്‍ സംഭവിക്കുന്ന പകര്‍ച്ചവ്യാധി രോഗവും അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്‌ണു ആവശ്യപ്പെട്ടു.
നിലവില്‍ വെറ്ററിനറി ഓഫീസറുടെ അഭാവം
പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിന് തടസമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ കലക്‌ടര്‍ക്ക് ഇത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്‌നെ ചുമതലപ്പെടുത്താന്‍ കത്ത് നല്‍കാന്‍ കൗണ്‍സില്‍ യോഗത്തില്‍ വിഷ്‌ണു ആവശ്യപ്പെട്ടു. പ്രധാന വീഥികളിലും മറ്റ് റോഡരികിലും അനധികൃതമായി തുടരുന്ന ആക്രി വ്യാപാരം അടിയന്തരമായി അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.