-->
കോട്ടയം: പോളയും കാടും മൂടി കച്ചേരിക്കടവ് ബോട്ട് ജെട്ടി ആര്‍ക്കും പ്രയോജനമില്ലാതെ തുടരുന്നു. കോടികള്‍ ചെലവിട്ട് പഴയ ബോട്ട് ജെട്ടിയില്‍ നിര്‍മ്മിച്ച കച്ചേരിക്കടവ് ബോട്ട് ജെട്ടിയാണ് നോക്കുകുത്തിയാകുന്നത്. എട്ടു കോടി രൂപ ചിലവിട്ട് യു.ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്കായി പാര്‍ക്ക്, വാക്ക് വേ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ , ഇരിപ്പിടകള്‍, ബോട്ട് ടെര്‍മിനല്‍, ലഘുഭക്ഷണ ശാല എന്നിവയെല്ലാം ഇവിടെ നിര്‍മ്മിച്ചിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകാതെ പോയതോടെ കെട്ടിടങ്ങളെല്ലാം വെറുതെ കിടന്ന് നശിക്കുകയാണ്. പ്രധാന കവാടത്തിലടക്കം അലങ്കാര വിളക്കുകള്‍ തകര്‍ന്നു. ഇരിപ്പിടങ്ങളാകട്ടെ പൊട്ടി പൊളിഞ്ഞു തോട്ടില്‍ പുല്ലു വളര്‍ന്നതോടെ ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി.
2015ലാണ് കച്ചേരിക്കടവ് വാട്ടര്‍ ഹബ് നിര്‍മ്മിച്ചത്. നഗരത്തിരക്കില്‍ നിന്നും മാറി കൊടൂരാറിന്റെ സൗന്ദര്യം ആസ്വദിച്ച് സമയം പങ്കിടാനായിരുന്നു പദ്ധതിയിലൂടെ ലഷ്യമിട്ടത്. 1500 മീറ്റര്‍ ചുറ്റളവിലാണ് കച്ചേരിക്കടവ് വാട്ടര്‍ ഹബ്ബ് സ്‌ഥിതിചെയ്യുന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ പഴയ ബോട്ട് ജെട്ടിയും അനുബന്ധ ഓഫീസുകളുമടങ്ങുന്ന 336 സെന്റും റവന്യൂ വിഭാഗത്തിന്റെ 14 സെന്റും പദ്ധതിക്കായി ഏറ്റെടുക്കുകയായിരുന്നു.
നഗരത്തിലെ അഴുക്ക് ചാലുകള്‍ എത്തിച്ചേരുന്ന കച്ചേരിക്കടവ് തോട്ടിലെ മാലിന്യം നീക്കാന്‍ ട്രീറ്റ്‌മെന്റ് പ്‌ളാന്റ് വിഭാവനം ചെയ്യാത്തതായിരുന്നു പദ്ധതി പാളിപ്പോകാന്‍ കാരണം.30 വര്‍ഷം മുമ്പ് കച്ചേരിക്കടവില്‍ നിന്നായിരുന്നു ആലപ്പുഴ കോട്ടയം ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നത് തോട്ടില്‍ ചെളി വന്നടിഞ്ഞ് ബോട്ടുകള്‍ എത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായി. നഗരസഭയില്‍ പുതിയ ഭരണസമിതി വന്നതോടെ പദ്ധതിക്ക് ചിറക് വെയ്‌ക്കുമെന്ന പ്രതീക്ഷയിലാണു നഗരവാസികള്‍. കൃത്യമായ ദിശാബോധത്തോടെ പദ്ധതിയെ സമീപിച്ചാല്‍ ജില്ലയിലെ ടൂറിസം രംഗത്തിന് കച്ചേരിക്കടവ് ടൂറിസം പദ്ധതി മുതല്‍ക്കൂട്ടാകുമെന്നും ഇവര്‍ കരുതുന്നു.