Friday, March 13, 2026 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.00 AM

ചപ്പാത്ത്‌- ചെങ്കര റോഡ്‌ നിര്‍മാണം വീണ്ടും വിവാദത്തില്‍ ഓടയും ടാറിങ്ങുമായി ഇഞ്ചുകളുടെ വ്യത്യാസം

uploads/news/2026/02/823604/2.jpg

കെ. ചപ്പാത്ത്‌: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ കെ. ചപ്പാത്ത്‌- ചെങ്കര റോഡ്‌ നിര്‍മാണത്തില്‍ അശാസ്‌ത്രീയത ആരോപിച്ച്‌ നാട്ടുകാര്‍.
തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ ആരംഭിച്ച നിര്‍മാണം പിന്നീട്‌ മുടങ്ങുകയും ഇപ്പോള്‍ പേരിനു മാത്രം നിര്‍മാണം നടത്തുകയും ചെയ്യുന്നതാണ്‌ പ്രതിഷേധത്തിനു കാരണമാകുന്നത്‌.
അശാസ്‌ത്രീയമായിട്ടാണ്‌ റോഡ്‌ പണി നടക്കുന്നതെന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്‌. കരാറുകാരും ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയ നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ്‌ ഇതിനു പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്‌.
റോഡ്‌ പണിയെക്കുറിച്ച്‌ പരാതികള്‍ നിരന്തരം ജനപ്രതിനിധികളെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനു പിന്നില്‍ ദുരൂഹത യുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്‌. വര്‍ഷങ്ങളായി കെ. ചപ്പാത്ത്‌- ചെങ്കര റോഡ്‌ തകര്‍ന്നു കിടക്കുകയാണ്‌. റോഡ്‌ പി.ഡബ്ലി.യു.ഡി ഏറ്റെടുക്കണമെന്ന ആവശ്യവും നാളിതുവരെ നടന്നിട്ടില്ല.
ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനു മുമ്പ്‌ വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ നിര്‍മാണം ആരംഭിച്ചത്‌. തിരക്കിട്ട്‌ നിര്‍മാണം ആരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ പിന്നിട്ടതോടെ നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലായി. ഇതോടെ നാട്ടുകാരും റോഡിലൂടെ കടന്നുപോകുന്നവരും ദുരിതത്തിലായി. ഇത്‌ വിവാദമായതോടെയാണ്‌ വീണ്ടും കരാറുകാരന്‍ പണികള്‍ ആരംഭിച്ചത്‌.
ചപ്പാത്തില്‍ നിന്ന്‌ ചെങ്കര വഴി കുമളിയ്‌ക്കും, ശാന്തിപ്പാലത്തു നിന്ന്‌ തിരിഞ്ഞ്‌ വണ്ടിപ്പെരിയാറിനും പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണിത്‌. സിമന്റ്‌ പാലത്തിന്‌ ശേഷം തകര്‍ന്ന്‌ കിടക്കുന്ന ഭാഗം നന്നാകാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്‌ 15 ലക്ഷം രൂപ അനുവദിച്ച്‌ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ജില്ലാ പഞ്ചായത്തും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌. ചപ്പാത്ത്‌ മുതല്‍ രണ്ട്‌ കിലോമീറ്റര്‍ ദൂരമാണ്‌ എം.എല്‍.എ ഫണ്ട്‌ അനുവദിച്ചത്‌. നിലവില്‍ കോണ്‍ക്രീറ്റ്‌ ഓട നിര്‍മിച്ച ശേഷമാണ്‌ ടാറിങ്‌ ജോലികള്‍ നടത്തിയിരിക്കുന്നത്‌. ഇതിനാല്‍ ടാറിങ്‌ ഓടയുടെ നിരപ്പില്‍നിന്നും ഉയര്‍ന്നാണ്‌ നില്‍ക്കുന്നത്‌. ഇത്‌ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
റോഡിലെ വലിയ കുഴികള്‍ അടച്ചെങ്കിലും ചെറിയ കുഴികള്‍ ഇപ്പോഴും അതുപോലെ തന്നെ കിടക്കുകയാണ്‌. ഇവ വീണ്ടും വലുതായി വാഹന ഗതാഗതം തന്നെ ദുസഹമാകാന്‍ കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ്‌ ശാസ്‌ത്രീയമായി പണി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നാട്ടുകാരെ അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ്‌ പ്രദേശവാസികള്‍.

Ads by Google
Advertisement
Tuesday 03 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW