-->
നെടുമ്പാശ്ശേരി: യാത്രക്കാര്‍ക്കായി ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ സിയാല്‍. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്‌റ്റര്‍ (ന്നണ്ണര്‍ണ്ടങ്ക) ഫൗണ്ടേഷനും സിയാലും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു. സിയാലിലെ 0484 എയ്‌റോ ലോഞ്ചില്‍ നടന്ന ചടങ്ങില്‍, കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രിയും അനെര്‍ട്ട് ഭരണസമിതി ചെയര്‍മാനുമായ കെ. കൃഷ്‌ണന്‍കുട്ടിയും, സിയാല്‍ ഡയറക്‌ടറും വ്യവസായ, നിയമ വകുപ്പ് മന്ത്രിയുമായ അഡ്വ. പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.
കേരള ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനിന്റെ പിന്തുണയോടെ, കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് ബസുകള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുന്നതാണ് പദ്ധതി. ബസുകള്‍ വാങ്ങുന്നതിനായി ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, മൊത്തം 8.7 കോടി രൂപയുടെ ധനസഹായം ഘട്ടംഘട്ടമായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്‌റ്റര്‍ ഫൗണ്ടേഷന്‍ നല്‍കും.
ഒരു വര്‍ഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ബസുകളുടെ ഉടമസ്‌ഥാവകാശം സിയാലിനായിരിക്കും. പ്രവര്‍ത്തനച്ചെലവും മറ്റ് ചെലവുകളും സിയാല്‍ വഹിക്കും. ബസുകളുടെ പ്രവര്‍ത്തന മാതൃകയും റൂട്ടുകളും സിയാല്‍ തീരുമാനിക്കും. സിയാല്‍ മാനേജിംഗ് ഡയറക്‌ടര്‍ എസ്. സുഹാസ് ഐ.എ.എസ്, കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്‌റ്റര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ ഹര്‍ഷില്‍ ആര്‍. മീന ഐ.എ.എസ്, കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക വകുപ്പിലെ സീനിയര്‍ ഡയറക്‌ടറും ശാസ്‌ത്രജ്‌ഞനുമായ ഡോ. രഞ്‌ജിത് കൃഷ്‌ണ പൈ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുകയും, സുസ്‌ഥിരവും പരിസ്‌ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്‌തിപ്പെടുകയും ചെയ്യും.
സിയാലും ബി.പി.സി.എല്ലും ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബസുകള്‍ക്ക് ആവശ്യമായ ഇന്ധന വിതരണം സാധ്യമാകും. ഹൈഡ്രജന്‍ വിതരണവുമായി ബന്ധപ്പെട്ട നിയമപരമായ അനുമതികള്‍ ഇതിനകം ലഭിച്ചതിനാല്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.